നീറ്റ് പരീക്ഷയില്‍ അവസാന നിമിഷം മാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീംകോടതി; ”അധികാരികള്‍ക്ക് തട്ടിക്കളിയ്ക്കാനുള്ള പന്തല്ല ഡോക്ടര്‍മാര്‍”

നീറ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷയുടെ സിലബസ് അവസാന നിമിഷം മാറ്റിമറിച്ച കേന്ദ്ര സർക്കാരിനെതിരേ പൊട്ടിത്തെറിച്ച്‌ സുപ്രീംകോടതി. പരീക്ഷയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച്‌ ഒക്ടോബർ നാലിന് മുന്പ് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.

41 പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി കേന്ദ്രത്തിന് നിർദേശം നൽകിയത്. അവസാന നിമിഷത്തിൽ പരീക്ഷയുടെ സിലബസിൽ മാറ്റം വരുത്തിയത് ജനറൽ മെഡിസിൻ ഉദ്യോഗാർത്ഥികൾക്ക് ആനുകൂല്യം ചെയ്യാനാണെന്ന് ഹർജിക്കാർ വാദിച്ചു.

2018ൽ നീറ്റ് എസ് എസ് പരീക്ഷയിൽ 40 ശതമാനം ജനറൽ മെഡിസിൻ ചോദ്യങ്ങളും 60 ശതമാനം സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ചോദ്യങ്ങളുമായിരുന്നു. എന്നാൽ ഇത്തവണ എല്ലാം ജനറൽ മെഡിസിൻ ചോദ്യങ്ങളാണ്.

ജൂലൈ 23നാണ് നീറ്റ് എസ് എസ് പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചത്. പരീക്ഷയുടെ പാറ്റേണിൽ മാറ്റമുണ്ടെന്ന് അറിയിച്ചത് ആഗസ്ത് 31നും. നവംബർ 13, 14 തീയതികളിലാണ് പരീക്ഷ നടക്കേണ്ടത്. ഒരു മാസത്തിനുള്ളിൽ പെട്ടെന്ന് പരീക്ഷയുടെ സിലബസിൽ മാറ്റം വരുത്തേണ്ട തിടുക്കമെന്താണെന്ന് കോടതിയും ആരാഞ്ഞു.

അഭിഭാഷകനായ ജവേദൂർ റഹ്മാനാണ് ഡോക്ടർമാർക്കുവേണ്ടി ഹാജരായത്.

നിങ്ങളുടെ അധികാരക്കളിയിൽ തട്ടിക്കളിക്കാനുള്ളതല്ല, ഈ യുവ ഡോക്ടർമാർ, കരുണയില്ലാത്ത ബ്യൂറോക്രാറ്റുകളുടെ കയ്യിൽ ഈ ഡോക്ടർമാരെ ഏൽപ്പിക്കാനാവില്ല. നിങ്ങളുടെ കാര്യങ്ങൾ ക്രമപ്പെടുത്ത്. നിങ്ങൾക്ക് അധികാരമുണ്ടെന്ന് കരുതി അത് തോന്നുംപടി ഉപയോഗിക്കാനാവില്ല – ജസ്റ്റിസ് ചന്ദ്രചൂഢും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ദേശീയ മെഡിക്കൽ കമ്മീഷൻ എന്താണ് ചെയ്യുന്നതെന്നും ഡോക്ടർമാരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ് ഇതെന്നും കോടതി അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here