മഴ മുന്നറിയിപ്പ്; അണക്കെട്ടുകളുടെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി

കേന്ദ്ര കാലവസ്ഥ വകുപ്പ് ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും, മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കെ എസ് ഇ ബിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്തിയതായും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ എസ് ഇ ബി.

ജലസംഭരണികളുടെ തൽസ്ഥിതി (27 സെപ്റ്റംബർ വൈകുന്നേരം 4 മണി)

പ്രധാന ജലസംഭരണികളായ ഇടുക്കി (79.86%), ഇടമലയാർ (81.15%), ബാണാസുര സാഗർ (81.07%) എന്നിവിടങ്ങളിൽ ഇപ്പോഴത്തെ സംഭരണശേഷി അപ്പർ റൂൾ ലെവലിനു വളരെയധികം താഴെയാണ്. ആയതിനാൽ ഈ ജലസംഭരണികളിൽ നിന്നും താഴേയ്ക്ക് ജലം തുറന്ന് വിടേണ്ടതായ സാഹചര്യം ഇപ്പോൾ നിലവിൽ ഇല്ല.

മറ്റൊരു പ്രധാന ജലസംഭരണിയായ കക്കിയിൽ ഇപ്പോൾ 79.38% സംഭരണശേഷി നിറഞ്ഞു കഴിഞ്ഞു.  ഇവിടെ അപ്പർ റൂൾ ലെവലിലേക്ക് എത്താൻ ഇനിയും 1.15 മീറ്റർ (16.42 ദശലക്ഷം ഘനമീറ്റർ) അവശേഷിക്കുന്നുണ്ട്. ഇപ്പോൾ ശബരിഗിരി പദ്ധതിയിൽ ഈ ജലസംഭരണിയിൽ നിന്നുള്ള ജലം ഉപയോഗിച്ച് പരമാവധി ശേഷിയിൽ വൈദ്യുതി  ഉൽവാദിപ്പിക്കുന്നുണ്ട്.

ചെറുകിട ജലസംഭരണികളായ കുണ്ടള, പൊരിങ്ങൽക്കുത്ത്, മൂഴിയാർ ജലസംഭരണികൾ നിറഞ്ഞതിനെ തുടർന്ന് അവിടെ നിന്നും ജില്ലാ ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെ നിയന്ത്രിതതോതിൽ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

കൂടാതെ ചെറുകിട ജലസംഭരണികളായ ലോവർ പെരിയാർ (പാoമ്പ്ല), കല്ലാർക്കുട്ടി തുടങ്ങിയവ ഇന്ന് 5 മണിയോടെ തുറന്ന് നിയന്ത്രിത തോതിൽ ജലം വിടുന്നതിനുള്ള മുന്നറിയിപ്പുകളും, ഒരുക്കങ്ങളും പൂർത്തികരിച്ചിട്ടുണ്ട്.

പറമ്പിക്കുളം – ആളിയാർ കരാറിന്റെ ഭാഗമായ കേരളാ ഷോളയാറിൽ ഇപ്പോഴത്തെ മഴയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള രണ്ടു മെഷീനും പൂർണതോതിൽ പ്രവർത്തിപ്പിച്ച് ജലനിയന്ത്രണം നടപ്പാക്കികൊണ്ടിരിക്കുകയാണ്. ഇവിടെ പൂർണജലനിരപ്പിലെത്താൻ ഇനിയും 1.60 അടി കൂടി വേണം. ആയതിനാൽ ഈ ജലസംഭരണി തുറക്കാനുള്ള സാധ്യത തുലോം പരിമിതമാണ്.

തമിഴ്നാട് സർക്കാറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് ചാലക്കുടിപ്പുഴയിലെ ജലനിയന്ത്രണം കെ എസ് ഇ ബി ലിമിറ്റഡിന്റെ ഡാം സുരക്ഷാ വിഭാഗം നിരന്തരം വിലയിരുത്തി വരുന്നുണ്ട്. നിലവിൽ പറമ്പിക്കുളം ജലസംഭരണിയിൽ നിന്നും 4400 ക്യൂസെക്സ് (124.6 ക്യൂമെക്സ്) ജലം ഇപ്പോൾ ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. എന്നാൽ തമിഴ്നാട് ഷോളയാറിൽ നിന്ന് കേരളാ ഷോളയാറിലേക്ക് ഇപ്പോൾ ജലം ഒഴുക്കുന്നില്ല.

കേന്ദ്ര ജലകമ്മീഷന്റെ കീഴിലുള്ള അരങ്ങാലി എന്ന ജലം അളക്കുന്ന സ്ഥലത്ത് ചാലക്കുടി പുഴയിൽ 1.32 മീറ്റർ മാത്രമാണ് ഇപ്പോഴത്തെ ജലനിരപ്പ് (അപകടനില 8.10 മീറ്റർ). ആയതിനാൽ ചാലക്കൂടി നദീതടത്തിൽ ആശങ്കാജനകമായ ഒരു അവസ്ഥ നിലവിലില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News