ഇതെന്താ വെള്ളരിക്കാപട്ടണമോ…! പിഎം കെയർ ഫണ്ട് പകൽക്കൊള്ള ; തുറന്നടിച്ച് എ എം ആരിഫ് എം പി

പി എം കെയര്‍ ഫണ്ടിന് സര്‍ക്കാരുമായി ബന്ധമില്ലെന്നുളള കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പിഎം കെയര്‍ ഫണ്ട് ശുദ്ധ തട്ടിപ്പ് ആണെന്നും അന്വേഷണം വേണമെന്നുമാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരിക്കുന്നത്.

എ എം ആരിഫ് എം പി അടക്കമുള്ളവരും പി എം കെയർ ഫണ്ടിനെതിരെ രംഗത്ത് വന്നു. രാജ്യ ചരിത്രത്തിൽ ഇത്തരം പകൽകൊള്ള ആദ്യമായിട്ടാ‍ണെന്നും ഇത് അനുവദിച്ച് കൊടുക്കരുതെന്നും എഎം ആരിഫ് എംപി പ്രതികരിച്ചു.

എഎം ആരിഫ് എംപിയുടെ പ്രതികരണത്തിന്‍റെ പൂര്‍ണരൂപം;

ഇതെന്താ വെള്ളരിക്കാപട്ടണമോ…! പിഎം കെയേഴ്സ് ഫണ്ട്,ഭരണഘടനപ്രകാരം രൂപീകരിച്ചതല്ലെന്നും സ്വീകരിക്കുന്ന പണം കേന്ദ്രഖജനാവിൽ പോകുന്നില്ലെന്നും കേന്ദ്രസര്ക്കാർ.

ഇന്നലെ വന്ന വാർത്തയാണിത്. പിഎം കെയേഴ്സിന്റെ പ്രവർത്തനത്തിൽ കേന്ദ്രസര്ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്’ ആയി രജിസ്റ്റർ ചെയ്ത പിഎം കെയേഴ്സിന്റെ കണക്കുകൾ വിവരാവകാശനിയമപ്രകാരം പങ്കുവയ്ക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി ഓഫീസ്(പിഎംഒ) അണ്ടർ സെക്രട്ടറി പ്രദീപ്കുമാർ ശ്രീവാസ്തവ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കി.

പ്രധാനമന്ത്രി അധ്യക്ഷനും ആഭ്യന്തരമന്ത്രി, ധനമന്ത്രി, പ്രതിരോധമന്ത്രി എന്നിവർ സഹട്രസ്റ്റികളുമായി കോവിഡിന്റെ തുടക്കത്തിൽ ഒരു വർഷം മുമ്പാണു പിഎം കെയേഴ്സ് രൂപീകരിച്ചത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയുള്ളപ്പോൾ വേറെ ഫണ്ട് രൂപീകരിച്ചതിൽ ഉള്ള ശരികേട് പ്രതിപക്ഷം അന്നേ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും പ്രധാനമന്ത്രിയുടെ ചിത്രവും മറ്റും ഉപയോഗിച്ച് പണം സമാഹരിക്കുന്നെങ്കിലും ഫണ്ട് സര്ക്കാരിന്റേതല്ലെന്നാണ് ഇപ്പോള് വ്യക്തമാക്കിയത്. സിഎജി ഓഡിറ്റിന്റെ പരിധിയിലും പിഎം കെയേഴ്സ് വരില്ലെന്ന് ഇക്കൊല്ലം ഏപ്രിലിൽ സർക്കാർ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ട് വർഷത്തേക്ക് എംപിമാരുടെ പ്രാദേശിക വികസനഫണ്ട് നിർത്തി 365 കോടി രൂപ ഓഡിറ്റ് പോലും നടത്താനാവാത്ത ഈ പിഎം കെയേഴ്സിലേക്ക് സംഭാവനയായി മാറ്റിയിട്ടുണ്ട്.

2019–-20 ൽ 3076.62 കോടി രൂപയാണു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്നും വിദേശത്തുനിന്നു പോലും സംഭാവനയായി സ്വീകരിച്ചത്. അതാണിപ്പോൾ ഒരു കണക്കുമില്ലാതെ ചിലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

രാജ്യ ചരിത്രത്തിൽ ഇത്തരം പകൽകൊള്ള ആദ്യമായിട്ടാണ്. ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ ഉയർത്താനുപകരിക്കുന്ന എം പി ഫണ്ട് പൊലും കോള്ളയടിച്ച് ഉണ്ടാക്കിയ ഫണ്ടിന്റെ കണക്കു ചോദിക്കാൻ പറ്റില്ല എന്നത് പകൽകൊള്ള അല്ലാതെ പിന്നെന്താണു?

നാളിതുവരെ കാണാത്ത വിധം രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും പെരുകുന്നു. അതിനെല്ലാം പുറമെയാണ് കോവിഡ് മഹാമാരി കത്തിപ്പടർന്നത്.

അതിനിടയിലാണ് ദില്ലിയിലെ നീറൊ ചക്രവർത്തി കണക്കില്ലാത്ത അക്കൌണ്ടിൽ പണം നിറച്ച്, അത് തോന്നും പോലെ ധൂർത്തടിച്ച് വീണ വായിക്കുന്നത്.

ഇതെല്ലാം അനുവദിച്ചു കൊടുക്കാൻ ഇൻഡ്യാരാജ്യം വെറും വെള്ളരിക്കാപ്പട്ടണമൊ..?

പ്രതിക്ഷേധം ഉയർന്നേ പറ്റൂ. ഇത്തരം പകൽകൊള്ളകൾ നാം അനുവദിച്ചുകൂടാ..

 കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News