മോൻസന്‍റെ അനധികൃത സ്വത്ത് സമ്പാദ്യം; അന്വേഷണമാവശ്യപ്പെട്ട് ലോക്‌നാഥ്‌ ബെഹ്റ നടപടിയെടുത്തതിന്‍റെ രേഖകള്‍ കൈരളിന്യൂസിന്

മോൻസൻ മാവുങ്കലിന്‍റെ അനധികൃത സ്വത്ത് സമ്പാദ്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ലോക്‌നാഥ്‌ ബെഹ്റ ശക്തമായ നടപടി എടുത്തതിന്‍റെ രേഖകള്‍ പുറത്ത്.മോൻസന്‍റെ പുരാവസ്തു ശേഖരവും, അതിന്‍റെ പിന്നിലെ ദുരൂഹതകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറ്റേറ്റിന് 2020 ഫെബ്രുവരിയില്‍ ബെഹ്റ അയച്ച അതീവ രഹസ്യ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

മോൻസനെതിരെ ആരും പരാതി നല്‍കാത്ത സാഹചര്യത്തിലാണ് സ്വത്ത് വഹകളിലും, പുരാവസ്തു ശേഖരത്തിലും സംശയം തോന്നി പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയത്. സ്റ്റേറ്റ് ഇന്‍റലിജന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സഹിതം ഇഡിക്ക് കൈമാറി ഒരു വര്‍ഷം ക‍ഴിഞ്ഞിട്ടും കേന്ദ്ര ഏജന്‍സി അന്വേഷിക്കാത്തത് ദുരൂഹതയുണർത്തുന്നു.

2019 മെയ് മാസത്തിലാണ് മോൻസൻ മാവുങ്കല്‍ എന്ന പുരാവസ്തു വില്‍പ്പനക്കാരനെ പറ്റി പൊലീസിന് സംശയം ഉണ്ടാവുന്നത്. ഒരു യുവ ഐപിഎസുകാരന്‍റെ വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ കൊച്ചിലെത്തിയ ലോക്നാഥ് ബെഹറയേയും, എഡിജിപി മനോജ് എബ്രഹാമിനെയും മോൻസൻ തന്‍റെ പുരാവസ്തു ശേഖരം കാണാന്‍ ക്ഷണിച്ചിരുന്നു.

അതിന് പിന്നാലെ ഇരുവരെയും വാളും അംശവടിയും എല്ലാം പിടിപ്പിച്ച് സിംഹാസനത്തിലിരുത്തി മോൻസൻ തന്നെ ചിത്രമെടുക്കുകയും അത് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തങ്ങളെ പുരാവസ്തു ശേഖരത്തിന്‍റെ പ്രചരണോപാധിയാക്കിയത് തിരിച്ചറിഞ്ഞ ഇരുവര്‍ക്കും മോൻസന്‍റെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായി. തുടര്‍ന്ന് അതീവ രഹസ്യമായി മോൻസനെ പറ്റി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിച്ചു . രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന ചില വസ്തുതകള്‍ ആണ് തിരിച്ചറിഞ്ഞത്. പ്രത്യേകിച്ച് വരുമാന സ്രോതസുകള്‍ ഇല്ലാത്ത മോൻസൻ കോടികളുടെ ആസ്തിക്ക് ഉടമയാണെന്ന് തിരിച്ചറിഞ്ഞു.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുളള മോൻസന് മുന്തിയ ഇനം കാറുകളും വിദേശ ഇനം നായ്ക്കളും സ്വകാര്യ സുരക്ഷ ബോഡി ഗാര്‍ഡുകളും ഉണ്ടെന്ന് കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരോട് പ്രത്യേക അടുപ്പം കാത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്ന മോൻസൻ സമ്പന്നരോടും അടുപ്പം കൂടാന്‍ ശ്രദ്ധിക്കാറുണ്ടെന്നും കണ്ടെത്തി. കോസ്മോസ് ബ്യൂട്ടി ക്ലിനിക്ക് എന്ന ഇയാളുടെ സ്ഥാപനത്തില്‍ സിനിമാ താരങ്ങള്‍ പതിവായി വന്ന് പോകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പളളികവല ലൂര്‍ദ്ദ് മാതാ പളളിയുടെ പുനരുദ്ധാരണത്തിനായി വലിയൊരുസംഖ്യ മോൻസൻ ചിലവ‍ഴിച്ചിരുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. വളരെ വേഗം സമ്പന്നനായ മോൻസന് ബന്‍സ്,ഫെറാറി, ബെന്‍ലി, ബിഎംഡ്യു എന്നീ മുന്തിന ഇനം 15 ഓളം കാറുകള്‍ സ്വന്തമായി ഉണ്ട്. പുരാവസ്തുക്കള്‍ വിപണനം നടത്താനുളള ലൈസന്‍സ് ഇയാള്‍ക്കുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പുരാവസ്തുക്കള്‍ ഇയാള്‍ മോഷ്ടിച്ചതായിരിക്കാനുളള സാധ്യതയും പ്രകടിപ്പിക്കുന്നുണ്ട്.

തട്ടിപ്പ് നടത്തിയെന്ന് ആരും പരാതിപ്പെടാത്ത സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പൊലീസിന് ക‍ഴിയുമായിരുന്നില്ല. മാത്രമല്ല വ്യക്തികളുടെ അനധികൃത സ്വത്ത് സമ്പാദനത്തിൽ എന്‍ഫോ‍ഴ്സ്മെന്‍റിന് മാത്രമാണ് കേസെടുക്കാന്‍ ക‍ഴിയുക. ഇത് ചൂണ്ടിക്കാട്ടി 2020 ഫെബ്രുവരിയില്‍ തന്നെ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹറ അന്നത്തെ ഇഡി ഡയറക്ടര്‍ സഞ്ജയ് കുമര്‍ മിശ്രക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News