ലൂസിഞ്ഞോ ഫലേറൊ പാർട്ടി വിട്ടു; ഗോവയിലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

ഗോവ മുൻ മുഖ്യമന്ത്രിയും എം എൽ എയുമായ ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു.രാജിക്കത്ത് ഗോവ നിയമസഭാ സ്പീക്കർ രാജേഷ് പട്‌നേകർക്ക് സമർപ്പിക്കുകയായിരുന്നു. നീണ്ട 40 വർഷമായുള്ള കോൺഗ്രസ് ബന്ധമാണ് ലൂസിഞ്ഞോ ഫലേറൊ അവസാനിപ്പിച്ചത്. ലൂസിഞ്ഞോ ഫലേറൊ തൃണമുൽ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് ദേശിയ നേതൃത്വത്തിന് തലവേദനയാക്കുകയാണ്.

അതേസമയം, ഗോവയിൽ കോൺഗ്രസ് രൂക്ഷ പ്രതിസന്ധിയാണ് നേരിടുന്നത്. കോൺഗ്രസിലെ പ്രമുഖ നേതാക്കളുൾപ്പടെ പാർട്ടി വിടുമ്പോൾ ഹൈക്കമാൻഡ് കൂടുതൽ സമ്മർദ്ദത്തിലാകുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ് ഫലേറോ. കോൺഗ്രസിൽ നിന്ന് ഒരുപാട് അനുഭവിച്ചെന്നും അതിന് അറുതിവരുത്താൻ ഒരുങ്ങുകയാണെന്നും ലുസീഞ്ഞോ ഫലേറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗോവയ്ക്ക് ആവശ്യം മമത ബാനർജിയെപ്പോലൊരു നേതാവിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുസീഞ്ഞോ ഫലേറോ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് തൃണമുൽ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നതായി വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായ ലുസീഞ്ഞോ ഫലേറോ നവേലിം മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിയത്. രണ്ട് തവണ ഗോവൻ മുഖ്യമന്ത്രിയായിട്ടുണ്ട്. അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയിൽ മുതിർന്ന അംഗത്തിന്റെ പുറത്തുപോക്കൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ട്. എന്നാൽ നിരവധി പാർട്ടി പ്രവർത്തകരും അദ്ദേഹത്തോടൊപ്പം പാർട്ടി വിടുന്നുണ്ടെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News