സ്‌കൂള്‍ തുറക്കല്‍; ഇന്ന് ഗതാഗത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം

സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് വകുപ്പു തല യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തുന്ന ചർച്ചയിൽ ഉദ്യോഗസ്ഥരും പങ്കെടുക്കും. വിദ്യാർത്ഥികൾക്കായി പ്രത്യേക ബസ് സർവ്വീസ്, ബസുകളുടെ ഫിറ്റ്നെസ്, കൺസെഷൻ എന്നിവയിൽ ഇന്ന് തീരുമാനമുണ്ടാകും.

കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര പ്രധാന വിഷയമാണ്. ഈ സാഹചര്യത്തിലാണ് ഗതാഗതമന്ത്രിയുമായി വിഷയം വിദ്യാഭ്യാസമന്ത്രി ചർച്ച ചെയ്യുന്നത്. കുട്ടികള്‍ക്ക് മാത്രമായി കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക ബസുകള്‍ ബോണ്ട് സര്‍വീസ് മാതൃകയില്‍ ഏര്‍പ്പെടുത്തുകയാണ് ഒരു തീരുമാനം.

ഒന്നര വർഷത്തിലധികമായി ഓടാതെ കിടന്നിരുന്ന സ്കൂൾ ബസുകളുടെ ഫിറ്റ്നസ് മറ്റൊരു വെല്ലുവിളിയാണ്. ഈ വിഷയം ഇന്നത്തെ യോഗത്തിൽ ധാരണയിലെത്തും. ബസുകൾ ഏത് രീതിയിൽ കുറ്റമറ്റതാക്കാം എന്നതും യോഗം ചർച്ച ചെയ്യും. അതേസമയം, പുതിയ ബസ് വാങ്ങാന്‍ പിടിഎകള്‍ക്ക് ജനങ്ങളുടെ സഹായം തേടാമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഫണ്ട്‌ നല്‍കുന്നത് പ്രായോഗികമല്ല എന്നതാണ് വിലയിരുത്തൽ. വിദ്യാർത്ഥികളുടെ കൺസെഷന്‍ എങ്ങനെ പുനഃ രാരംഭിക്കണം എന്നതിലും ഇന്നത്തെ യോഗത്തിൽ ധാരണയിലെത്തും. ഇന്ന് വൈകീട്ടാണ് യോഗം ചേരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here