നിലയ്ക്കാത്ത ശബ്ദമാധുരി; ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറിന് ഇന്ന് പിറന്നാൾ

കാലത്തേയും പ്രായത്തേയും മറികടന്ന മധുര സ്വരത്തിന്റെ ഉടമയായ ലതാ മങ്കേഷ്‌ക്കർ 92 ന്റെ നിറവിൽ. സംഗീതപ്രേമികളുടെ മനസ്സില്‍ നിത്യയൗവനമാര്‍ന്നുനില്‍ക്കുന്നു ഇന്നും ലതയുടെ ശബ്ദം. ഹിന്ദി, മറാത്തി, മലയാളം,തെലുങ്ക്, കന്നഡ, എന്നീ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും തുടങ്ങി 36 ഓളം ഇന്ത്യൻ ഭാഷകളി​ലും വി​ദേശഭാഷകളി​ലുമായി​ ആയി​രക്കണക്കി​ന് ഗാനങ്ങൾ ഈ മാന്ത്രിക ശബ്ദത്തിലൂടെ സംഗീതപ്രേമികൾക്ക് സമ്മാനിക്കാൻ ലതാ മങ്കേഷ്‌ക്കറിന് സാധിച്ചിട്ടുണ്ട് എന്ന കാര്യം തീർച്ച.

തന്റെ 13-ാം വയസ്സില്‍ തുടങ്ങി കഴിഞ്ഞ നാല് തലമുറകള്‍ക്കായി പാടിക്കൊണ്ടിരിക്കുന്ന ആ വാനമ്പാടിയുടെ ശരീരത്തില്‍ കാലം മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞെങ്കിലും മനസ്സും സ്വരവും മാറ്റമില്ലാതെ തുടരുകയാണ്. തന്റെ ആലാപനശൈലി കൊണ്ട് സംഗീതാസ്വാദകരെ പിടിച്ചു നിർത്തിയ ശബ്ദത്തിന് ഉടമയാണ് ഏവരും ഏറെ സ്നേഹത്തോടെ വിളിക്കുന്ന ലതാ ജിക്ക്.

Lata Mangeshkar stopped going to school after the very first day. Here's why | IWMBuzz

അറുപതുകളായിരുന്നു ലതാ മങ്കേഷ്‌ക്കർ എന്ന അതുല്യ ഗായികയുടെ സുവർണകാലം. അക്കാലത്തെ എല്ലാ സംഗീത സംവിധായകർക്കൊപ്പവും ഗായകർക്കൊപ്പവും ലതാജി പാട്ടിന് കൂട്ടായി.പിന്നണി ഗായികമാരില്‍ ഏറ്റവും നീണ്ട കാലയളവില്‍ സിനിമാ സംഗീത രംഗത്ത് പ്രബലമായി നിലകൊണ്ട, ഇന്നും നിലകൊള്ളുന്ന ശബ്ദമാധുരി. ഹിന്ദി സിനിമയില്‍ 1947 മുതല്‍ സജീവസാന്നിദ്ധ്യം. എട്ട് പതിറ്റാണ്ടോളം പിന്നിട്ട സംഗീത ജീവിതത്തിൽ സിനിമ ലോകത്തെ മുന്നണി നായികമാരുടെയെല്ലാം ആലാപനശബ്‍ദമായിരുന്നു ലതാ മങ്കേഷ്‌കറിന്റേത്.

Lata Mangeshkar @ 90 – The singing voice for Bollywood screen idols for three generations – My Words & Thoughts

ലതാ മങ്കേഷ്‌ക്കർ പാടിയ പരശ്ശതം പാട്ടുകളിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമേതെന്ന് ചോദിച്ചാൽ വോ കോൻ ധി എന്ന ചിത്രത്തിലെ ലഗ് ജാ ഗലേ… എന്ന പാട്ടായിരിക്കും ഭൂരിപക്ഷംപേരും പറയുക. ഹൊറർ സിനിമയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയതാണെങ്കിലും ഇന്ത്യൻ സിനിമാ സംഗീതത്തിലെ നിത്യഹരിത പ്രണയഗാനങ്ങളിലൊന്നായാണ് ലഗ് ജാ ഗലേ വിലയിരുത്തപ്പെടുന്നത്.

ലതാജി പാടിയ ആ മാസ്‌മര ഗാനം എത്രയെത്ര ഗായകരാണ് പിന്നീട് തങ്ങളുടെ ശബ്ദത്തിൽ പുനരാവിഷ്കരിച്ചത്. ഹിന്ദിസിനിമാ സംഗീത ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുനഃസൃഷ്ടിക്കപ്പെട്ട ഗാനമെന്ന റെക്കോഡ് ലഗ് ജാ ഗലേയ്ക്ക് തന്നെയാണ്.

ഗാനങ്ങളുടെ അര്‍ത്ഥവും ഭാവവും മനസ്സിലാക്കി ഗാനങ്ങള്‍ തിരഞ്ഞെടുത്തു പാടുന്ന ശീലം ലതാജി യുടെ പ്രത്യേകതയാണ്. മറ്റു ഗായികമാരില്‍ അത്യന്തം അപൂര്‍വമായി കാണുന്ന ശീലം.ഒരു ഗാനം ആലപിക്കുന്നതിനുമുമ്പ് സ്വന്തം കൈപ്പടയില്‍ ലത ആ ഗാനം കടലാസില്‍ കുറിക്കുന്നു. ‘ശ്രീ’ എന്ന അക്ഷരം കടലാസിന്റെ നെറുകയില്‍ എഴുതിയ ശേഷമാണ് ഗാനം എഴുതിത്തുടങ്ങുക.

Lata Mangeshkar | Lata mangeshkar, Legendary singers, Indian classical music

മദൻ മോഹൻ, ആർ ഡി ബർമൻ, ലക്ഷ്മികാന്ത്-പ്യാരേലാൽ, എ ആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി സംഗീത സംവിധായകരോടൊപ്പം ലത മങ്കേഷ്‌കർ പ്രവർത്തിച്ചിട്ടുണ്ട് .ലക്ഷ്മികാന്ത്-പ്യാരേലാൽ കൂട്ടുകെട്ടിന്റെ സംഗീത സംവിധാനത്തിൽ ഏകദേശം എഴുന്നൂറോളം പാട്ടുകളാണ് ലത മങ്കേഷ്‌കർ ആലപിച്ചിരിക്കുന്നത് .

അതേസമയം, മലയാളത്തില്‍ ”നെല്ല്” (1974) എന്ന ചിത്രത്തിനു വേണ്ടിയാണ് ലതാ മങ്കേഷ്‌കര്‍ ആദ്യമായി പിന്നണി പാടിയതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ 1958ല്‍ റിലീസായ ”തസ്‌കരവീരന്‍” എന്ന ചിത്രത്തില്‍ മറ്റൊരു ഹിന്ദി ചിത്രത്തിനുവേണ്ടി ഗായിക പാടിയ ഒരു മുഴുനീള ഹിന്ദി ഗാനം ഉള്‍പ്പെടുത്തിയിരുന്നു എന്നുള്ള വസ്തുത അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

”കഭീ ഖാമോശ് രഹ്തെ ഹൈ… പീ കെ ദരസ്‌കോ…” എന്ന ഈ ഗാനം 1955ല്‍ റിലീസായ ”ആസാദ്” എന്ന ചിത്രത്തിലെ ഒരു നൃത്തരംഗത്തിനുവേണ്ടി ലതാമങ്കേഷ്‌കര്‍ പാടിയ ഗാനമാണ്. ഒരേ കഥയെ ആസ്പദമാക്കി ”പക്ഷിരാജാ സ്റ്റുഡിയോസ്” നിര്‍മിച്ച ഈ ചിത്രങ്ങളിലെ നൃത്തരംഗത്ത് ഹിന്ദിയില്‍ മീനാകുമാരിയും മലയാളത്തില്‍ രാഗിണിയും അഭിനയിച്ചു. ഒരു പിന്നണി ഗായിക പാടിയ ഒരു ഗാനത്തിനൊത്ത് രണ്ടു വ്യത്യസ്ത ഭാഷാ ചിത്രങ്ങളില്‍ അതതു ഭാഷാ സിനിമയിലെ രണ്ടു സൂപ്പര്‍ താരറാണിമാര്‍ നൃത്തം ചെയ്യുന്നത് ഇത് ആദ്യമായിട്ടായിരുന്നു ഒരുപക്ഷെ ഇതിനു സമാനമായി മറ്റൊരു സംഭവം ഇന്ത്യന്‍ സിനിമയില്‍ ഉണ്ടോ എന്നുപോലും സംശയമാണ്. ലതാമങ്കേഷ്‌കര്‍ പാടിയ ഗാനത്തിനുമാത്രം അവകാശപ്പെട്ട വിശേഷണം എന്ന് കൂടി പറയാതെ വയ്യ.

തന്റെ സംഗീത സപര്യയിൽ ലത മങ്കേഷ്‌കറെ തേടി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും എത്തിയിട്ടുണ്ട് . 1989 ൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരവും , 2001 ൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌നം നൽകിയും അവരെ ആദരിക്കുകയുണ്ടായി . എം എസ് സുബ്ബലക്ഷ്മിക്ക് ശേഷം ഭാരത രത്ന പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഗായികയാണ് ലത മങ്കേഷ്‌കർ.

Lata Mangeshkar is awarded the Swara Mauli Prize - Current Affair

എന്നിരുന്നാലും ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച ഈ അനശ്വര പ്രതിഭയെ വിസ്മരിക്കാന്‍ ആർക്കാണ് സാധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News