മോൻസണിൻ്റെ തട്ടിപ്പ്; പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിലും പരാതി

പുരാവസ്തു വില്‍പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിലും പരാതി. പന്തളം ശ്രീവത്സം ഗ്രൂപ്പ് ആണ് പരാതിക്കാർ. 6.27 കോടി രൂപ മോൻസൻ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.

2020 ല്‍ ആണ്  മോൻസൻ മാവുങ്കല്‍, ബാങ്കിലുള്ള പണം തടഞ്ഞു വെച്ചിരിക്കുകയാണെന്ന് കാണിച്ച് ശ്രീവത്സം ഗ്രൂപ്പിന് സമീപിച്ചത്. അക്കൗണ്ടിലേക്ക് പണം തിരികെ വരുന്ന മുറയ്ക്ക് മടക്കി നല്‍കാമെന്നായിരുന്നു മോൻസൻ നല്‍കിയ ഉറപ്പ്. ഇതനുസരിച്ച് ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ. രാജേന്ദ്രന്‍ പിള്ള 6.27 കോടി രൂപ മോൻസണ് കൈമാറി.

ഇതിനിടെ ആലപ്പുഴ ജില്ലയിലെ അരൂരിലുള്ള ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിന് നല്‍കിയതായാണ് വിവരം. ഇയാളുടെ ആഡംബര വാഹനങ്ങള്‍ സൂക്ഷിക്കാനെന്ന ആവശ്യത്തിലാണ് സ്ഥലം. നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കൈമാറിയ പണം തിരികെ ലഭിക്കാതെയായതോടെ ശ്രീവത്സം ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആദ്യം പന്തളം പോലീസ് അന്വേഷിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

മോണ്‍സണുമായി ബന്ധപ്പെട്ട കൂട്ടുതല്‍ സാമ്പത്തിക ഇടപാടുകളും ജില്ലയില്‍ നടന്നിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.

സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഞായറാഴ്ചയാണ് മോന്‍സൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മോന്‍സൻ പണം തട്ടിയതെന്ന് പാലാ സ്വദേശിയായ പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സൻ തട്ടിപ്പ് നടത്തിയിരുന്നത്. പലരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്.

അതേസമയം, മോൻസൻ മാവുങ്കലുമായി കോൺഗ്രസിലെ ഉന്നത നേതാക്കൾ ഇപ്പോഴും ബന്ധം പുലർത്തുന്നതായി പരാതിക്കാരിൽ ഒരാളായ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ഷമീർ വെളിപ്പെടുത്തിയിട്ടുണ്ട്. മോൻസനും,കെ സുധാകരന് പുറമെ ഹൈബി ഈഡൻ എംപിയോടുമൊപ്പമുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ പ്രചരിക്കുന്നുണ്ട്. ഇവർക്ക് പുറമെ നിരവധി യുഡിഎഫ് നേതാക്കളും മോൻസനുമായി വേദി പങ്കിട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News