ഭിക്ഷാടനത്തിനെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ

സൗദി അറേബ്യയില്‍ ഭിക്ഷാടനത്തിനെതിരെ നടപടി ശക്തമാക്കി. യാചനാ വിരുദ്ധ നിയമത്തിന് സൗദി മന്ത്രി സഭ അംഗീകാരം നല്‍കി. രാജ്യത്ത് വര്‍ധിച്ച് വരുന്ന ഭിക്ഷാടനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്‌ ലക്ഷ്യമിട്ടാണ് നിയമം കര്‍ശനമാക്കിയത്‌. ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ചുമത്താന്‍ അനുവാദം നല്‍കുന്നതാണ് പുതുക്കിയ യാചനാ വിരുദ്ധ നിയമം.

പരിഷ്‌കരിച്ച നിയമമനുസരിച്ച് ഭിക്ഷാടനത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കും. നേരിട്ടോ പരോക്ഷമായോ ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താന്‍ നിയമം അനുമതി നല്‍കുന്നു.

യാചനയെ പ്രോത്സാഹിപ്പിക്കുന്നതും, ഭിക്ഷാടനത്തിനാവശ്യമായ സഹായങ്ങള്‍ ഒരുക്കുന്നതും പുതിയ നിയമത്തില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. ഇത്തരക്കാര്‍ക്ക് ആറ് മാസം വരെ ജയിലും അന്‍പതിനായിരം റിയാല്‍ വരെ പിഴയും ചുമത്തുന്നതിനും നിയമം നിഷ്‌കര്‍ഷിക്കുന്നു.

കുറ്റവാളികള്‍ വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ നാട് കടത്തലിനും വിധേയമാക്കും. പിടിക്കപ്പെട്ടവര്‍ സ്വദേശികളായ വനിതകളുടെ ഭര്‍ത്താവോ കുട്ടികളോ ആണെങ്കില്‍ നാട് കടത്തലില്‍ നിന്ന് ഒഴിവാക്കും. രാജ്യത്ത് കുറഞ്ഞ വിഭാഗം ആളുകളാണ് യാചനയിലേര്‍പ്പെട്ട് വരുന്നത്. രണ്ടായിരത്തി പതിനെട്ടിലെ കണക്കുകള്‍ പ്രകാരം 2710 പേരാണ് ഭിക്ഷാടനത്തിന് പിടിയിലായത്. ഇവരില്‍ എണ്‍പത് ശതമാനവും സ്ത്രീകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News