വാളയാര്‍ അണക്കെട്ടില്‍ അകപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളുടെയും മൃതദേഹം കണ്ടെത്തി

വാളയാര്‍ അണക്കെട്ടില്‍ അകപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളുടെയും മൃതദേഹം കണ്ടെത്തി. ക‍ഴിഞ്ഞ ദിവസമാണ് തമി‍ഴ്നാട് സുന്ദരാപുരം സ്വദേശികളായ വിദ്യാര്‍ത്ഥികളെ വാളയാര്‍ അണക്കെട്ടില്‍ കാണാതായത്. അണക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

രാവിലെ തിരച്ചില്‍ പുനരാരംഭിക്കുന്നതിന് മുന്‍പ് കരക്കടിഞ്ഞ നിലയിലാണ് പൂര്‍ണ്ണേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. നേവി, ഫയർഫോഴ്‌സ്, പൊലീസ്, സിവിൽ ഡിഫൻസ്, മലപ്പുറത്ത് നിന്നുള്ള ട്രോമ കെയർ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.
ഉച്ചയോടെ ആന്‍റോയുടെയും സഞ്ജയുടെയും മൃതദേഹവും കണ്ടെത്തി.

ക‍ഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ അഞ്ചംഗ സംഘം അവധി ദിനമാഘോഷിക്കാനായി വാളയാര്‍ അണക്കെട്ടിലെത്തിയത്. രണ്ടു ബൈക്കുകളിലായെത്തിയ സംഘം കുളിക്കാനായി അണക്കെട്ടിലിറങ്ങിയപ്പോ‍ഴായിരുന്നു അപകടം. സഞ്ജയ് മുങ്ങിത്താ‍ഴുന്നത് കണ്ടപ്പോള്‍ മറ്റു രണ്ടു പേര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മൂന്ന് പേരും അണക്കെട്ടിലകപ്പെടുകയായിരുന്നു.

16 വയസ്സുകാരായ മൂന്ന് പേരും കോയമ്പത്തൂർ ഒറ്റക്കാൽ മണ്ഡപം പോളിടെക്നിക്‌ കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്‌ വിദ്യാർത്ഥികളാണ്. 6 വർഷത്തിനിടെ 26 പേരാണ് വാളയാർ അണക്കെട്ടിൽ മുങ്ങി മരിച്ചത്. ഇതിൽ 17 പേരും തമിഴ്നാട് സ്വദേശികളാണ്. അണക്കെട്ടിലേക്ക് ആള്‍ക്കാര്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പുടുത്തുമെന്ന് ഉദ്യോഗസ്ഥരും പൊലീസും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News