
കാല്‍കാശിന് വിലയില്ലാത്ത ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍കൊണ്ട് കോടികള്‍ തട്ടാന്‍ സാധിക്കുമോ? മോന്‍സന്‍ പറയും.. ഐ കാന്‍.
മോശയുടെ വടി, യൂദാസിന്റെ വെള്ളിക്കാശ്, യേശുവിനെ കുരിശില്‍ തറച്ചപ്പോള്‍ മുഖം തുടച്ച തൂവാല, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, ടിപ്പുവിന്റെ സിംഹാസനം, ഡാവിഞ്ചിയുടെ ചിത്രം തുടങ്ങി എല്ലാത്തിന്റെയും ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ കുത്തിയിരുന്ന് ഉണ്ടാക്കിപ്പിച്ച് എത്ര വിശ്വസിക്കാത്തവനെയും ചാക്കിലാക്കാനുള്ള കഴിവുള്ള തട്ടിപ്പിന്റെ തമ്പുരാന്‍ എത്തി മക്കളേ… ഒരു ബിജിഎം ഒക്കെയിട്ട് ഇന്‍ട്രോ കൊടുക്കണമെന്നുണ്ട്…പക്ഷേ, ഒരു തട്ടിപ്പ് വീരന് അത്രയൊക്കെ മതി.. ഇതെല്ലാം തെല്ലിട മാറാതെ നിര്‍മ്മിച്ച പണിക്കാര്‍ക്ക് പൊന്നിന്‍ വള ഇട്ടു നല്‍കണമെന്ന് കേട്ടവര്‍ പറയുന്നുണ്ടാകാം.. അത്രയ്ക്ക് ഒറിജിനാലിറ്റിയാണ്… പക്ഷേ, പക്കാ ലോക്കല്‍ സാധനങ്ങള്‍…
അമ്പരപ്പിക്കുന്ന രീതിയില്‍ പണമെറിഞ്ഞും നടികള്‍ ഉള്‍പ്പടെയുള്ള താരങ്ങളെ രംഗത്തിറക്കിയും തട്ടിപ്പ് ആഘോഷിക്കുകയായിരുന്നു ഇക്കാലമത്രയും മോന്‍സന്‍ എന്ന പെരുംകള്ളന്‍.
മോഹന്‍ലാല്‍, ബാല, എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്ക് തൊട്ടു പിന്നാലെ, ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പല തലമുറയിലെ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. തീര്‍ന്നില്ല നിര. നടിമാരായ നവ്യ നായര്‍, മല്ലികാ സുകുമാരന്‍, മമ്ത മോഹന്‍ദാസ്, പേര്‍ളി മാണി എന്നിവരോടൊപ്പമുള്ള മോന്‍സിന്റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
തീര്‍ന്നില്ല നിര.. നുമ്മടെ സ്വന്തം കെ സുധാകരന്‍.. ആള്‍ദൈവം അമൃതാനന്ദമയി, കൊല്ലത്തെ യുഡിഎഫ് നേതാക്കള്‍, ആര്‍ എസ് പി നേതാക്കളായ എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാവ് പി ജര്‍മിയാസ് തുടങ്ങി ട്രെയിന്‍ പോലെ നീളുന്നു ആ പട്ടിക..
ആര്‍ക്കും പിടികൊടുക്കാതെ.. ഒരു സംശയത്തിനും ഇടവരുത്താതെ…ഇത്രയും നാള്‍ തട്ടിപ്പാഘോഷിച്ച മോന്‍സന്‍റെ കുരുട്ടുബുദ്ധി ആരും കാണാതെപോകരുത്..
യൂ ട്യൂബ് ചാനലിലൂടെയാണ് തന്റെ പക്കലുള്ള പുരാവസ്തുക്കളെക്കുറിച്ച് ഇല്ലാത്ത കഥകള്‍ തട്ടിവിട്ടിരു ന്നത്. മോന്‍സണ്‍മാവുങ്കല്‍ എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ ഇയാളുടെ വീരഗാഥകള്‍ പാടി നിറച്ചിരിക്കുന്നതും കാണാം..
കാഴ്ചയില്‍ കൗതുകം തോന്നുന്ന എന്തും കച്ചവടമാക്കും അതായിരുന്നു ആശാന്റെ പ്രധാന ഹോബി.. കൂടെ അല്‍പം ഡയലോഗും അങ്ങ് വാരിവിതറി ആളാകും..പിന്നാലെ ‘നൂറ്റാണ്ടുകള്‍ പഴക്കമുള്ളതെന്ന ഡയലോഗും!
കാശുകൊണ്ട് അമ്മാനമാടുകയായിരുന്നു മോന്‍സന്‍. മുപ്പതോളം ആഡംബര കാറുകളുണ്ട് ഇയാൾക്ക്. ലംബോർഗിനിയും ഫെരാരിയും ബെൻസും ബെന്റ്ലിയും തുടങ്ങി കോടികൾ വിലമതിക്കുന്ന കാറുകൾ പലതും ഹരിയാന രജിസ്ട്രേഷനിലുള്ളതാണ്. ഇവയും തട്ടിപ്പിലൂടെ സ്വന്തമാക്കിയതെന്നാണ് സൂചന. വഞ്ചിക്കപ്പെട്ട വേറെയും നിരവധി പേർ ഉടനെ തന്നെ പരാതികളുമായി പൊലീസിലെത്താനാണ് സാധ്യത.
ഇയാള്‍ അമൂല്യമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ‘അമൂല്യ’പുരാവസ്തുക്കളില്‍ ഭൂരിഭാഗവും എറണാകുളത്തു നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിയതാണ്. എന്നാല്‍, ഇവയൊക്കെ ആളുകള്‍ വാങ്ങാന്‍ മോന്‍സന്‍ തട്ടി വിട്ടിരുന്ന പൊങ്ങച്ചങ്ങളും വീരഗാഥകളും കേട്ട് ആളുകള്‍ വിദേശത്തുനിന്നുപോലും ഇതെല്ലാം വാങ്ങിയിരുന്നു…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here