കിരീടം ടൂറിസം പദ്ധതിയ്ക്ക് എല്ലാവിധ ആശംസകളും; ഓർമകളുടെ കായലോളങ്ങളിൽ സംവിധായകൻ സിബി മലയിൽ

ഒരു സിനിമയുടെ പേരിൽ ഒരു ടൂറിസം പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് സംവിധായകൻ സിബി മലയിൽ. 1989 ൽ എ കെ ലോഹിതദാസിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനും പാർവതിയെ നായികയുമാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം.

ചിത്രത്തിൽ സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. ഈ പാലം പിന്നീട് കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ അറിയപ്പെട്ടു.

ഏറെ തിരച്ചിലൊനൊടുവിലാണ് താൻ സിനിമ ചിത്രീകരിക്കാനായി വെള്ളായണി പ്രദേശവും പാലവും കണ്ടെത്തിയതെന്ന്‌ സിബി മലയിൽ ഓർക്കുന്നു. തന്റെ ചിത്രത്തിന് ദൃശ്യചാരുത കൂട്ടാനും കഥയുടെ വൈകാരിക അംശങ്ങൾക്ക് മിഴിവ് കൂട്ടാനും ലൊക്കേഷന് വലിയ സ്വാധീനം ഉണ്ടായിരുന്നുവെന്ന്‌ സിബി മലയിൽ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിൽ ഒരു സംരംഭത്തിന് മുൻകൈ എടുത്തതിന് സിബി മലയിൽ സർക്കാരിന് നന്ദി പറഞ്ഞു.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയും നേമം എം എൽ എയുമായ വി ശിവൻകുട്ടി ലോക ടൂറിസം ദിനത്തിലാണ് കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.

“കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം മണ്ഡലത്തിൽ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.” – മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News