ആരോഗ്യകരമായ ശരീരത്തിന് ഡയറ്റ് സാലഡ്

രാത്രിയിൽ ലഘുഭക്ഷണം ആണ് ഉചിതം എന്ന് എല്ലാവര്ക്കും അറിയാം.  പ്രത്യേകിച്ച്  കൊളസ്ട്രോൾ ഉള്ളവർക്കും തടി ഉള്ളവർക്കുമെല്ലാം ഭക്ഷണം എത്ര ലഘുവായി കഴിക്കുന്നുവോ അത്രയും നല്ലതാണെന്ന് പറയപ്പെടുന്നു.

പ്രവാസികള്‍ക്കും ഡയറ്റ് ശീലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും രാത്രി ഡിന്നറിനു ശീലിക്കാവുന്ന ഒരു സാലഡ് ആണ് ഇത്. നല്ല ശോധനയ്ക്കും നല്ല ഉറക്കത്തിനും എല്ലാം ഡയറ്റ് സാലഡ് ഉത്തമമാണ്. ഇനി, ഡയറ്റ് സാലഡ് തയ്യാറക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകകൾ: (2 പേർക്ക് )

1 ) കാരറ്റ് ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (ഇതിനു പകരം ബീറ്റ്റൂട്ട് ചേർക്കാം; ബീറ്റ്റൂട്ട് ആണ് ചേർക്കുന്നതെങ്കിൽ ഒന്ന് ആവി കയറ്റി പച്ചമണം കളഞ്ഞാൽ കൂടുതൽ നല്ലതു)
2 ) ക്യാബേജ് ചെറുതായി അരിഞ്ഞത് – അര കപ്പ് (ഇതിനു പകരം ലാറ്റിയൂസ് / വയലറ്റ് ക്യാബേജ് / പല നിറങ്ങളിലുള്ള കാപ്സികം എന്നിവ ചേർക്കാം)
3 ) ക്യൂകമ്പർ / സാലഡ് വെള്ളരി ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
4 ) ആപ്പിൾ ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (ഇതിനു പകരം പൈനാപ്പിൾ / സ്ട്രോബെറി / പപ്പായ / തണ്ണിമത്തൻ / പഴം /മാതളം ഏതെങ്കിലും ഒന്ന് ചേർക്കാം)
5 ) പേരയ്ക്ക ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (ഇതിനു പകരം പച്ച ആപ്പിൾ / പിയർ / മുളപ്പിച്ച ചെറുപയർ / ആവി കയറ്റിയ ചോളം / അവഗാഡോ ഏതെങ്കിലും ഒന്ന് ചേർക്കാം)
6 ) വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 2 റ്റീസ്പൂൺ
7 ) ചെറിയുള്ളി പൊടിയായി അരിഞ്ഞത് – 2 ടേബിൾസ്പൂൺ
8 ) ഉപ്പു – ഇഷ്ടമനുസരിച്ചു
9 ) കുരുമുളക് തരുതരുപ്പായി പൊടിച്ചത് – ഇഷ്ടമുണ്ടെങ്കിൽ ചേർക്കുക
10 ) ചെറുനാരങ്ങാ നീര് – ഒന്നര ടേബിൾ സ്പൂൺ
11 ) എക്സ്ട്രാ വിർജിൻ ഒലിവോയിൽ – ഒരു ടേബിൾ സ്പൂൺ (ഇതിനു പകരം വിർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാം )
12 ) ശുദ്ധമായ തേൻ – ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:

ഒരു വലിയ ബൗളിൽ തേൻ ഒഴികെ മറ്റെല്ലാ ചേരുവകകളും കൂടി ചേർത്ത് സ്പൂൺ കൊണ്ട് നന്നായി ഇളക്കി മറിച്ചു യോജിപ്പിക്കുക. വിളമ്പുന്നതിനായി ചെറിയ ബൗൾ രണ്ടെണ്ണം എടുത്തു അതിലേക്കു പകർത്തുക. അര ടേബിൾസ്പൂൺ തേൻ വീതം ഓരോ ബൗളിനു മുകളിൽ ചുറ്റിച്ചു ഒഴിച്ച് കഴിക്കാവുന്നതാണ്.

ഇത് നല്ലൊരു സമീകൃതമായ ആഹാരമാണ്. പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും മാറി മാറി ഉപയോഗിക്കാൻ ശ്രമിക്കുക. ഒരു പച്ചക്കറികളും പഴങ്ങളും തന്നെ തുടർച്ചയായി കഴിക്കാതിരിക്കുക. എല്ലാത്തിലും കോമൺ ആയി ചെറിയുള്ളി, വെളുത്തുള്ളി, ഒലിവോയിൽ, ചെറുനാരങ്ങാനീര്, ഉപ്പു, തേൻ എന്നിവ ചേർക്കാം. മറ്റു ചേരുവകകൾ മാറി മാറി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യകരമായ ഭക്ഷണ രീതികൾ ശീലിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here