‘എനിക്കങ്ങ് കേന്ദ്രത്തിലും പിടിയുണ്ട്’; മോന്‍സന്‍ മാവുങ്കലിന്റെ ദില്ലിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തണലായത് ഉന്നത കേന്ദ്ര ബന്ധങ്ങള്‍

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ ദില്ലിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തണലായത് ഉന്നത കേന്ദ്ര ബന്ധങ്ങള്‍. വിമാനത്താവളത്തിലെ ഗ്രീന്‍ ചാനലും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ വാഹനങ്ങളുമെല്ലാം സുലഭമായി ഉപയോഗിക്കാന്‍ ഇയാള്‍ക്ക് സഹായകമായത് കേന്ദ്രസര്‍ക്കാരിലുള്ള സ്വാധീനം കൊണ്ടാണ്.

പുരാവസ്തു ഇടപാടുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് തണലേകിയത് ഉന്നത കേന്ദ്രബന്ധങ്ങളാണ്.കേസിലെ പരാതിക്കാരായ യാക്കൂബും അനൂപും ദില്ലിയിലെത്തിയപ്പോള്‍ ഗ്രീന്‍ ചാനലിലൂടെയാണ് പുറത്തെത്തിച്ചത്. ഹോട്ടലിലേക്ക് പോകാന്‍ നാഗാലാന്‍ഡ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വാഹനമാണ് എത്തിയത്. ഇത്തരത്തില്‍ ദില്ലിയില്‍ എല്ലാ സൗകര്യങ്ങളും മോന്‍സണ് ലഭിക്കുന്നുണ്ട്. അനൂപിനെയും യാക്കൂബിനെയും വിശ്വസിപ്പിക്കാനായി ഫെമ ഉദ്യോഗസ്ഥരെന്ന പേരില്‍ ചിലരെയും മോന്‍സണ്‍ അവതരിപ്പിച്ചിരുന്നു.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് മോന്‍സണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാനാവില്ല. എന്നിട്ടും കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ചില നേതാക്കളും എംപിമാരായ കെ സുധാകരനും കെ മുരളീധരനും സഹായിച്ചിട്ടുണ്ടെന്ന മോന്‍സന്റെ വെളിപ്പെടുത്തല്‍ നേരത്തെ പുറത്ത് വന്നതാണ്.. യുപിഎ ഭരണം അവസാനിച്ച ശേഷവും ദില്ലി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മോന്‍സന്‍ തുടര്‍ന്നു. കേന്ദ്രഭരണത്തില്‍ സ്വാധീനമുള്ള ഉന്നതര്‍ മോന്‍സന്റെ ഇടപാടുകള്‍ക്ക് തണലൊരുക്കുന്നുവെന്ന അഭ്യൂഹങ്ങളുമുണ്ട്. മോന്‍സണെതിരെ സംസ്ഥാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിക്കാത്തത് ഇതിനാലാണെന്ന സംശയവും ഉയരുന്നു. എല്ലാ കേസുകളിലും ചാടിവീഴുന്ന കേന്ദ്ര ഏജന്‍സികള്‍ അനങ്ങാതിരിക്കുന്നതിലും ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News