‘കര്‍ഷക പ്രക്ഷോഭം പരിഹരിച്ചാല്‍ ബിജെപിയില്‍ ചേരാന്‍ തയ്യാര്‍’; പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബി ജെ പി യിലേക്കെന്ന് സൂചന

ബിജെപിയിലേക്ക് പോകുമെന്ന സൂചനകള്‍ ശക്തമാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്..കഴിഞ്ഞ ദിവസം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ അമരീന്ദര്‍ സിങ് നരേന്ദ്ര മോദിയുമായും ചര്‍ച്ച നടത്തിയേക്കും. അതേ സമയം ജി23 നേതാക്കളും കോണ്ഗ്രസ് നേതൃത്വവുമായുള്ള പോര് രൂക്ഷമായിരിക്കെ അമരീന്ദര്‍ സിങ് ഇന്ന് തിരുത്തല്‍ വാദി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ദിവസം വൈകിട്ട് അമിത് ഷായുടെ വസതിയില്‍ എത്തിയ അമരീന്ദര്‍ സിങ് ഏകദേശം 45 മിനിറ്റോളം ചര്‍ച്ച നടത്തി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചതെന്ന് അമരീന്ദര്‍ സിങ് പറയുമ്പോഴും, കര്‍ഷക പ്രക്ഷോഭം പരിഹരിച്ചാല്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയേക്കും.. കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെ ഇടഞ്ഞു നില്‍ക്കുന്ന അമരീന്ദര്‍ സിങ് ബിജെപിയിലേക്ക് പോകുമെന്ന സൂചനകള്‍ തന്നെയാണ് ദില്ലി കേന്ദ്രീകരിച്ച് നടക്കുന്ന നീക്കങ്ങള്‍ നല്‍കുന്നത്.

അതേ സമയം അമരീന്ദര്‍ സിങ് ജി23 നേതാക്കളെയും കാണുന്നുണ്ട്. അമരീന്ദര്‍ സിങിനോട് നേതൃത്വം സ്വീകരിച്ച നിലപാടില്‍ തിരുത്തല്‍ വാദി നേതാക്കള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കപില്‍ സിബലിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തിരുത്തല്‍ വാദി നേതാക്കളും നേതൃത്വവും തമ്മിലുള്ള പോര് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here