കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണം: മുഖ്യമന്ത്രി

കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യര്‍ത്ഥിച്ചു. വിമാനത്താവള വികസനത്തോടനുബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അതിനാവശ്യമായ സഹകരണം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ കാര്യമായ സര്‍വ്വീസ് നടത്തുന്നില്ല. അത് വര്‍ദ്ധിപ്പിക്കണം. 152.5 ഏക്കര്‍ സ്ഥലം വികസനത്തിന് ആവശ്യമുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. പ്രാദേശികമായ എതിര്‍പ്പ് ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റു നടപടികള്‍ മുന്നോട്ടുപോവുകയാണ്.

വിമാനത്താവള മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സ്വകാര്യവല്‍ക്കരണനയം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവച്ചു. കൂടുതല്‍ ആലോചിനയ്ക്കു ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാന നിരക്ക് പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള നിരക്ക് കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അക്കാര്യം പരിശോധിക്കാമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഉറപ്പു നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News