മോൻസനെതിരെ നിലവിലുള്ളത് സാമ്പത്തിക തട്ടിപ്പ് കേസുകൾ; എഡിജിപി ശ്രീജിത്ത്

മോൻസനിന്റെ പേരിലുള്ള മൂന്ന് കേസുകളാണ് നിലവിൽ അന്വേഷിക്കുന്നതെന്ന് എഡിജിപി എസ് ശ്രീജിത്ത്. മൂന്നും സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ്. മോൻസന്‍ വ്യാജ ഡോക്ടർ ആണോയെന്ന കാര്യങ്ങളും പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

അതേസമയം, സംസ്കാര ടി വി ചെയർമാൻ എന്ന പേരിൽ മോൻസൻ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

മോൻസനെതിരായ അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് ആർക്കിയോളജി വകുപ്പിൻ്റെ സഹായം തേടുന്നു. മോൻസൻ്റെ കൈവശമുള്ള പുരാവസ്തുക്കൾ ശാസ്ത്രീയമായി പരിശോധിക്കും. ഇതിനായി അടുത്ത ദിവസം പുരാവസ്തു വകുപ്പിന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകും.

വിശദമായ മൊഴിയെടുപ്പിനും പരിശോധനകൾക്കുമായി മോൻസനെ കലൂരിലുള്ള വീട്ടിലെത്തിച്ചു. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും മോൻസൻ്റ വീട്ടിലെത്തി തെളിവെടുക്കുന്നുണ്ട്. മോൻസനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകേണ്ടതുള്ളതിനാലാണിത്. വൈകിട്ട് കോടതിയിൽ ഹാജരാക്കുമ്പോൾ വീണ്ടും കസ്റ്റഡി ആവശ്യപ്പെടാനാണ് നീക്കം.

മോൻസൻ മാവുങ്കലിന്റെ വീട്ടിൽ നിന്നും അപൂർവ ഇനം ശംഖുകൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വനം വകുപ്പ് റെയ്ഡിലാണ് ഈ ശംഖുകൾ പിടിച്ചെടുത്തത്. 15 ശംഖുകൾ ആണ് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ ഈ ശംഖുകൾ സംരക്ഷിത പട്ടികയിൽപെടുന്നവയെന്നാണ് വനം വകുപ്പ് പറയുന്നത്. വന്യ ജീവി സംരക്ഷണ നിയമത്തിലെ 1, 2, 3 പട്ടികയിൽ പെടുന്നവയാണ് ഇവ. ഫോറൻസിക് പരിശോധനക്ക് ശേഷം മോൻസനെതിരെ കേസെടുക്കും.

അതേസമയം മോൻസൻ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്ന ആനക്കൊമ്പ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിൻ്റെ പരിശോധനയിലാണിതും കണ്ടെത്തിയത്. ഇത് ഒട്ടകത്തിൻ്റെ എല്ലാണോ എന്ന് സംശയിക്കുന്നെന്ന് വനം വകുപ്പ് പറഞ്ഞു. ഇത് കൂടുതൽ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജീസിലേക്ക് അയയ്ക്കും.

ഇതിനിടെ മോൻസൻ മാവുങ്കലിന്റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപങ്ങൾ തന്റേതാണെന്ന് തിരുവനന്തപുരത്തെ ശിൽപ്പി സുരേഷ് വെളിപ്പെടുത്തി. മോൻസൻ തനിക്ക് 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഇനി ഈ പണം കിട്ടുമെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലം വിദേശത്തായിരുന്നു സുരേഷ്. ശിൽപ്പ നിർമ്മാണ പാരമ്പര്യമുള്ള കുടുംബാംഗമാണ്. വർഷങ്ങളോളം അധ്വാനിച്ചാണ് ശിൽപ്പങ്ങൾ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News