ആഘോഷത്തെ വരവേൽക്കാൻ സ്വപ്നനഗരം ഒരുങ്ങി; ദുബായ് എക്സ്പോ 2020 ഇന്ന് തിരിതെളിയും

ലോകം കാത്തിരിക്കുന്ന ദുബായ് എക്‌സ്‌പോ 2020 യുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ന് രാത്രിയാണ് എക്സ്പോ 2020 ന് തിരിതെളിയുന്നത്. സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങളും, കലാപ്രകടനങ്ങളുടെ വര്‍ണ്ണരാചികളും, സംഗീതത്തിന്റെ അലകളും നിറയുന്ന ഉദ്ഘാടന പരിപാടിക്കുശേഷം അപൂര്‍വ്വ ദൃശ്യ, ശ്രവ്യ അനുഭവമാകും ലോകം അനുഭവിച്ചറിയുക.

ഇന്ന് അരങ്ങേറുന്ന പരിപാടികൾ ലോകം മുഴുവൻ തൽസമയം കാണാൻ സൌകര്യമൊരുക്കും. ഉദ്ഘാടന പരിപാടിക്ക് രാവിലെ മുതല്‍ ഒരുക്കങ്ങള്‍ സജീവമായി കഴിഞ്ഞു. വൈകീട്ട് ആറിന് ലൈന്‍ അപ് തുടങ്ങും. എട്ട് മണിയോടെ വിശിഷ്ടാതിഥികള്‍ വേദിയിലെത്തും. നേരത്തെ ടിക്കറ്റെടുത്തവരില്‍നിന്ന് തിരഞ്ഞെടുത്തവര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടാകും.

വിശ്വവേദിയിൽ കലയുടെ അപൂർവസംഗമമാണ് ഒരുക്കുന്നതെന്ന് എക്സ്പോ സംഘാടകർ വ്യക്തമാക്കുന്നു. 90 മിനിട്ടു നീളുന്ന ഉദ്ഘാടന പരിപാടിയിൽ ആയിരത്തിലേറെ നർത്തകരും വാദ്യസംഗീതവിദഗ്ധരും സംഗീതപ്രതിഭകളും അപൂർവതകളുടെ സംഗീതലോകമൊരുക്കും. ലേസർ ഷോയും വർണ വിസ്മയങ്ങളും അരങ്ങേറും.

അതേസമയം, അറബ് ലോകത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികളും, ലോകത്തെ മികച്ച സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത വിരുന്നും മേളയെ സമ്പന്നമാക്കും. നര്‍ത്തകരും അഭിനേതാക്കളും സംഗീതജ്ഞരും കാണികളില്‍ ആവേശം തീര്‍ക്കും. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടമായ അല്‍ വാസല്‍ ഡോമില്‍ ഘടിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ 360 ഡിഗ്രി പ്രൊജക്ഷന്‍ സ്‌ക്രീന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റും.

ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് ദുബായിൽ എക്സ്പോ സംഘടിപ്പിക്കുന്നത്. ഇന്ത്യയുൾപ്പെടെ 192 രാജ്യങ്ങളുടെ പങ്കാളിത്തമാണ് എക്സ്പോയെ വൈവിധ്യങ്ങളാൽ സമ്പന്നമാക്കാനാരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News