അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാൻ ഭരണകൂടം. ഇതു സംബന്ധിച്ച കത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
താലിബാൻ അഫ്ഗാന്റെ ഭരണം ഏറ്റെടുത്തതിനു പിന്നാലെ ഓഗസ്റ്റ് 15 മുതൽ കാബൂളിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു. രാജ്യാന്തര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് താലിബാന്റെ പുതിയ നീക്കം എന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി താറുമാറായി കിടക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര തലത്തിൽ ഒരു അംഗീകാരം നേടിയെടുക്കാൻ താലിബാനു മേൽ കടുത്ത സമ്മർദ്ദമുണ്ട്. കഴിഞ്ഞ ആഴ്ച വിവിധ രാജ്യങ്ങളോട് വിമാന സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, രാജ്യാന്തര വിമാനങ്ങളുടെ സർവീസുകൾ നിർത്തലാക്കിയതിനാൽ അഫ്ഗാനിൽനിന്ന് പഠനത്തിനും ജോലിക്കുമായി മറ്റു രാജ്യങ്ങളിലേക്കു പോകുന്നവരെ വലിയ തോതിൽ ബാധിച്ചതായി താലിബാൻ അറിയിച്ചു.
കാബൂൾ വിമാനത്താവളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം അവസാനിച്ച് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളുടെ സർവീസുകൾ ആരംഭിക്കാൻ പൂർണ സജ്ജമാണെന്നിരിക്കെ എല്ലാവിധ സഹകരണവും ഇസ്ലാമിക് എമിറ്റൈറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ വാഗ്ദാനം ചെയ്തതായി അദ്ദേഹം അറിയിച്ചു.
എന്നാൽ വളരെ കുറച്ച് യാത്രാവിമാനങ്ങൾ മാത്രമാണ് നിലവിൽ കാബൂൾ വിമാനത്താവളത്തിൽനിന്ന് പ്രവർത്തിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.