സുധാകരന്റെ ചീട്ട്കീറുന്നു; മോന്‍സനുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകാരനെ മാത്രം ചര്‍ച്ചകള്‍ ലക്ഷ്യം വെക്കുന്നുവെന്നും അതിനാല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്നുമായിരുന്നു വിശദീകരണം.

ഇത് സംബന്ധിച്ച് കെപിസിസി വക്താക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കി. മോണ്‍സന്‍ മാവുങ്കല്‍ വിവാദത്തില്‍ കെ സുധാകരനെതിരെയും ആരോപണമുയര്‍ന്നിരുന്നു. ഇടപാടില്‍ പങ്കുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.

അതേസമയം തന്നെ ചികിത്സിച്ച മോന്‍സന്‍, വ്യാജഡോക്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടും കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കാത്തതതില്‍ ദുരൂഹതയേറുകയാണ്. മോന്‍സന്‍ വ്യാജ ഡോക്ടറായിരുന്നെന്ന് കെ സുധാകരനാണ് ആദ്യം വെളിപ്പെടുത്തിയത്.അതേ സമയം ഇടപാടുകാരെ ആകര്‍ഷിക്കാന്‍ താന്‍ പറഞ്ഞിരുന്നതെല്ലാം കള്ളമായിരുന്നെന്ന് മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊ‍ഴി നല്‍കി.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി പേരെ കബളിപ്പിച്ചുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.അതിലോന്നായിരുന്നു കോസ്മെറ്റോളജി ചികിത്സകന്‍ എന്ന പേരില്‍ ഡോക്ടറായി ചമഞ്ഞ് പലരെയും പറ്റിച്ച സംഭവം.

ഇയാള്‍ ഒരു വ്യാജ ഡോക്ടറായിരുന്നുവെന്ന് ആദ്യം വെളിപ്പെടുത്തിയത് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനായിരുന്നു. താന്‍ പലതവണ മോന്‍സന്‍റെയടുത്ത് ചികിത്സക്ക് പോയിരുന്നെന്നും എന്നാല്‍ വ്യാജഡോക്ടറാണെന്ന് പിന്നീട് മനസിലായെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.

എന്നിട്ടും ഈ നിമിഷം വരെ സുധാകരന്‍ ഇക്കാര്യത്തില്‍ പരാതി നല്‍കാതിരിക്കുന്നത് ദുരൂഹമാണ്.മോന്‍സന്‍റെ വീട്ടില്‍ വെച്ച് കെ സുധാകരനെ പലതവണ കണ്ടിട്ടുണ്ടെന്ന  സാമ്പത്തിക തട്ടിപ്പുകേസിലെ പരാതിക്കാരുടെ വെളിപ്പെടുത്തലുമായി ചേര്‍ത്ത് വായിക്കുമ്പോ‍ഴാണ് ദുരൂഹതയേറുന്നത്.

മറ്റ് പരാതികള്‍ ലഭിക്കാത്തതിനാല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മാത്രമാണ് മോന്‍സനെതിരെ അന്വേഷണം നടക്കുന്നതെന്നും എന്നാല്‍ വ്യാജ ഡോക്ടറായി ചമഞ്ഞതടക്കമുള്ള സംഭവങ്ങളെക്കുറിച്ച് പിന്നീട് അന്വേഷണമുണ്ടാകുമെന്നും ക്രൈബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് വ്യക്തമാക്കി.

അതേസമയം ഇടപാടുകാരെ ആകര്‍ഷിക്കാന്‍ താന്‍ പല കള്ളങ്ങളും പറഞ്ഞിരുന്നതായി മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.നിരവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നവകാശപ്പെട്ടിരുന്ന മോന്‍സന് പാസ്പോര്‍ട്ടുപോലുമില്ലെന്ന് വ്യക്തമായി.

ഇയാളുടെ കൈവശമുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.തനിക്ക് ആകെ ഒരു അക്കൗണ്ട് മാത്രമാണുള്ളതെന്നും ബാലന്‍സായി ഉള്ളത് 176 രൂപ മാത്രമാണെന്നും മോന്‍സന്‍ മൊ‍ഴി നല്‍കി.എന്നാല്‍ ബിനാമി അക്കൗണ്ട് വ‍ഴി 4 കോടി രൂപ തട്ടിച്ചതിന്‍റെ തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here