‘നടിപ്പിന്‍ ചക്രവര്‍ത്തി’യ്ക്ക് ഇന്ന് 93-ാം ജന്മദിനം

അഭിനയത്തിന്റെ തീവ്രമോഹങ്ങളുമായി അരങ്ങില്‍ നിന്ന് അഭ്രപാളിയിലെത്തി നാലു ദശകങ്ങളോളം വെള്ളിത്തിരയില്‍ അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവച്ച പ്രതിഭയുടെ 93ാം ജന്മദിനമാണിന്ന്… തമിഴകം ‘നടിപ്പിന്‍ ചക്രവര്‍ത്തി’യായി സ്വീകരിച്ച ശിവാജി ഗണേശന്‍ തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യ മൊത്തം ആദരിക്കപ്പെട്ട മഹാനടനായിരുന്നു. തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക നടന്‍.

ആദ്യ ചിത്രം 1952 ലെ പരാശക്തി എന്ന ചിത്രമായിരുന്നു. ഇതിന്റെ തിരക്കഥ എഴുതിയത് എം. കരുണാനിധി ആയിരുന്നു. അദ്ദേഹം ശിവാജി ചക്രവര്‍ത്തിയുടെ വേഷങ്ങള്‍ അഭിനയിച്ചതിനു ശേഷം പേരിനു മുന്‍പില്‍ ശിവാജി എന്ന് ചേര്‍ക്കുകയായിരുന്നു. പിന്നീടങ്ങോട്ട് അഞ്ച് ദശാബ്ദങ്ങള്‍ തമിഴ് സിനിമയുടെ ഉറച്ച കോട്ടയായി മാറുകയായിരുന്നു അദ്ദേഹം. 1961-ല്‍ അദ്ദേഹത്തിന്റെ പാശമലര്‍ ഇറങ്ങുമ്പോള്‍ തമിഴിലെ ഗംഭീര ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരു പൊന്‍ തൂവല്‍ കൂടി വീഴുകയായിരുന്നു എന്നതാണ് ചിത്രം.

തുടര്‍ന്ന് ആയിരക്കണക്കിന് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. എം.ജി.ആര്‍., ജെമിനി ഗണേശന്‍ എന്നിവര്‍ക്കൊപ്പം ശിവാജിയും ഒരു പ്രധാന താരമായി അഭിനയിച്ചു വന്നു. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999ല്‍ പുറത്തിറങ്ങിയ പടയപ്പ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

വീര പാണ്ഡ്യ കട്ടബൊമ്മന് 1960-ല്‍ അന്താരാഷ്ട്ര പുരസ്‌കാരം എത്താന്‍ അധിക കാലം ഉണ്ടായില്ല. അന്താരാഷ്ട്ര സിനിമ ഫെസ്റ്റിവലില്‍ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ നടന്‍ മികച്ച നടനുള്ള ആ പുരസ്‌കാരം നേടുന്നത്. ആ ഡയലോഗുകള്‍ മറക്കാതെ ഇന്നും ആരാധകര്‍ കാത്ത് വെക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വച്ച ശിവാജിക്ക് 1959 ല്‍ കെയ്റോ, ഈജിപ്തില്‍ വച്ച് നടന്ന ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1955 വരെ അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ അംഗമായിരുന്നു. ഒരു വിവാദത്തില്‍ പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം അദ്ദേഹം 1961 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1966 ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 1984 ല്‍ അദ്ദേഹത്തിന് പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചു.

ശിവാജി ഗണേശന്റെ 93 -ാം ജന്മവാര്‍ഷികദിനമായ ഇന്ന് അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍ നിര്‍മ്മിച്ചു. ഗൂഗിള്‍ ഇന്ത്യയും ബെംഗളൂരുവില്‍ നിന്നുള്ള കലാകാരന്‍ നൂപുര്‍ രാജേഷ് ചോക്സിയും ചേര്‍ന്നാണ് ഡൂഡില്‍ രൂപകല്പന ചെയ്തത്. തമിഴ്നാട്ടിലെ വില്ലുപുരത്ത് ജനിച്ച ഗണേശൻ “ഇന്ത്യയിലെ ആദ്യത്തെ തനത് രീതിയിലുള്ള അഭിനേതാക്കളിലൊരാളെന്നും രാജ്യത്തെ എക്കാലത്തെയും ഏറ്റവും സ്വാധീനമുള്ള നടന്മാരിൽ ഒരാളെന്നുമാണ്” ഗൂഗിൾ വിശേഷിപ്പിച്ചത്. ഗൂഗിൾ ഡൂഡിലിലൂടെയാണ് നടന് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ആദരവർപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here