വികസനത്തിലേക്കുള്ള പാതയിലാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ നടുവില്‍ ഗ്രാമം. നടുവിൽ പഞ്ചായത്തിലെ സാഗി പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
കേന്ദ്രസർക്കാറിന്റെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം രാജ്യസഭാംഗം ശ്രീ ജോൺ ബ്രിട്ടാസ് എംപിയാണ് കണ്ണൂർ ജില്ലയിലെ നടുവിൽ ഗ്രാമപഞ്ചായത്തിനെ ഏറ്റെടുത്ത് നാമനിർദ്ദേശം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രഥമ യോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് നടുവിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് ശ്രീ ജോൺ ബ്രിട്ടാസ് എംപിയുടെ അദ്ധ്യക്ഷതയിൽ നടന്നു.
നടുവിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബേബി ഓടംപള്ളി, പഞ്ചായത്ത് അംഗങ്ങൾ, സാഗി പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
‘സാഗി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഓരോ പാർലമെൻറ് അംഗത്തിനും ഏതാനും ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ വികസിപ്പിക്കുന്നതിനും പദ്ധതി നിർവഹണത്തിൽ നേരിട്ട് മാർഗ നിർദ്ദേശം നൽകുന്നതിനും കഴിയും.
സാഗി പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സ്കീമുകളിൽ പ്രത്യേക മുൻഗണന ലഭിക്കും എന്നതിനാലും ജില്ലാ സംസ്ഥാന കേന്ദ്ര തലങ്ങളിൽ ഈ പദ്ധതികളുടെ പ്രവർത്തന പുരോഗതി നിരീക്ഷിക്കുവാൻ പ്രത്യേകം കമ്മിറ്റികൾ ഉണ്ടെന്നതിനാലും കാലതാമസം കൂടാതെ തന്നെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിയും.
നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബേബി ഓടംപള്ളി യോഗത്തിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് അദ്ധ്യക്ഷനായ ശ്രീ ജോൺ ബ്രിട്ടാസ് എംപി പദ്ധതി പ്രഖ്യാപനം നടത്തുകയും എന്തൊക്കെ വികസനപ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഏറ്റെടുക്കേണ്ടത് എന്നത് സംബന്ധിച്ചും സാഗി പദ്ധതിയുടെ സവിശേഷതകളെക്കുറിച്ചും പ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പദ്ധതി പ്രവർത്തനങ്ങളെ കുറിച്ചുള്ള ലഘുവിവരണവും നടത്തി.
സാഗി പദ്ധതിയുടെ കീഴിൽ എന്തൊക്കെ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടത്തേണ്ടത് എന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചയും യോഗത്തിൽ നടന്നു. വിശദമായ ചർച്ച നടത്തി അന്തിമ രൂപരേഖ തയ്യാറാക്കുന്നതിന് വേണ്ടി ഒക്ടോബർ 11ന് രാവിലെ പത്ത് മണിക്ക് നടുവിൽ പഞ്ചായത്ത് ഓഫീസിൽ വച്ച് അടുത്ത യോഗം കൂടുന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.