കൊലപാതകി കൂൾ! രക്ഷപ്പെടാൻ ശ്രമിച്ചില്ല; കൊലപാതകത്തിന് ദൃക്സാക്ഷികളില്ല-സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍

പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിനയെ കൊലപ്പെടുത്തിയ പ്രതി അഭിഷേക് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്. “ഏകദേശം പതിനൊന്നരയോടെ സെക്യൂരിറ്റി വിളിച്ച്‌ പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ആരും തന്നെ ഇല്ല. അസ്വഭാവികത തോന്നിയതോടെയാണ് മറ്റു കുട്ടികള്‍ ഓടിയെത്തിയതും സംഭവം കണ്ടതും,” പ്രിന്‍സിപ്പല്‍ ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

“സംഭവം അറിഞ്ഞയുടനെ തന്നെ ഞങ്ങളെത്തുകയും വിദ്യാര്‍ഥിനിയെ സമീപത്തുള്ള മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത് ജീവനുണ്ടായിരുന്നു. പക്ഷേ ആശുപത്രിയിലെത്തിയ ഉടന്‍ മരിച്ചു. കൊലപാതകം നടത്തിയയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല, കൂളായി ഇവിടെ തന്നെ ഇരിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്തു,” ഡോ. ജെയിംസ് മംഗലത്ത് കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷത്തോളമായി ഓണ്‍ലൈന്‍ ക്ലാസാണ് നടക്കുന്നതെന്നും കുട്ടികള്‍ നിലവില്‍ ക്യാംപസില്‍ ഇല്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നോ എന്നതില്‍ അറിവില്ലെന്നും ഇത്തരത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പരീക്ഷയ്ക്കു ശേഷം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി കോളേജിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. പിന്നീടാണ് വിദ്യാര്‍ഥിനിയെ കീഴ്‌പ്പെടുത്തിയതും പരുക്കേല്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണം നടത്തിയ ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നില്ലെന്നും അടുത്തുള്ള ഇരിപ്പിടത്തില്‍ പോയി വിശ്രമിക്കുകയായിരുന്നുവെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News