ആ വയലിന്‍ തന്ത്രികള്‍ പാതിയില്‍ മുറിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം; നീറുന്ന നൊമ്പരമായി ബാലഭാസ്കറിന്‍റെ ഓര്‍മകള്‍

പാതിയില്‍ മുറിഞ്ഞ വയലിന്റെ തന്ത്രികള്‍ പോലെ ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2018 സെപ്റ്റംബര്‍ 25നുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണു ജീവിതത്തോടും കലാലോകത്തോടും വിട പറഞ്ഞത്.

വീണ്ടും സോഷ്യല്‍ മീഡിയ നിറയെ ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ കൊണ്ട് നിറയുകയാണ്. സ്റ്റീഫന്‍ ദേവസി അടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ബാലുവിന്റെ വേര്‍പാടിനെ കുറിച്ചുള്ള ഓര്‍മ പുതുക്കുമ്പോള്‍ ആരാധകരിലും അത് നോവ് പടകര്‍ത്തുന്നുണ്ട്. ബാലഭാസ്‌കറിനെ അനുസ്മരിച്ച് കൊണ്ട് വിവിധ സംഗീത പരിപാടികളാണ് പലയിടങ്ങളിലും നടന്ന് കൊണ്ടിരിക്കുന്നത്.

2018 സെപ്റ്റംബര്‍ 25 ന് തിരുവന്തപുരം പള്ളിപ്പുറത്ത് നിന്നുമായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മിയ്ക്കും മകള്‍ ത്വേജസിനി ബാലയ്ക്കുമൊപ്പം തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയ ശേഷം തിരുമലയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

സംഭവസ്ഥലത്ത് നിന്ന് തന്നെ മകള്‍ ത്വേജസിനി ബാല മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലഭാസ്‌കറിന് തലച്ചോറിനും നട്ടെല്ലിനുമടക്കം ഗുരുതരമായ പരിക്കുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ശാസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയ ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ മാറ്റമൊന്നും വന്നില്ല.

പ്രതീക്ഷയോടെ കേരളം കാത്തിരുന്നെങ്കിലും മരണം വില്ലനായിട്ടെത്തി. ഒരാഴ്ച വെന്റിലേറ്ററില്‍ കഴിഞ്ഞ താരം ഒക്ടോബര്‍ രണ്ടിന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തുടര്‍ന്ന് ശാന്തി കവാടത്തില്‍ വെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരവും നടന്നു. അപകത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും രക്ഷപ്പെട്ടു.

ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചെങ്കിലും മരണത്തിലെ ദുരൂഹത ഇന്നും ബാക്കിയാണ്. അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ, ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത, മറനീക്കി പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

അതേസമയം ബാലഭാസ്‌കര്‍ കേസില്‍ അപകടമരണമാണെന്നു കാട്ടി സിബിഐ വീണ്ടും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നേരത്തേ നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സിബിഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ അര്‍ജുന്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അപകടസമയം ഇയാളായിരുന്നു കാര്‍ ഓടിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാലഭാസ്‌കറിന്റെ മരണകാരണം കൊലപാതകമാണെന്നും സ്വര്‍ണക്കടത്ത് സംഘമാണ് പിന്നിലെന്നും കാട്ടി അച്ഛന്‍ നല്‍കിയ പരാതിയിലാണ് കേസ് അന്വേഷിച്ചത്. സോബി ജോര്‍ജ് നുണ പറയുകയാണെന്നും പുതിയ റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News