മോന്‍സന് വീണ്ടും തിരിച്ചടി; വീട്ടില്‍ നിന്നും 8 ശില്‍പങ്ങള്‍ ക്രൈം ബ്രാഞ്ച് സംഘം പിടിച്ചെടുത്തു

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്റെ വീട്ടില്‍ നിന്നും 8 ശില്‍പങ്ങള്‍ ക്രൈം ബ്രാഞ്ച് സംഘം പിടിച്ചെടുത്തു. പുലര്‍ച്ചെയായിരുന്നു റെയ്ഡ്. തിരുവനന്തപുരം സ്വദേശിയായ ശില്‍പ്പി സുരേഷിന്റെ പരാതിയിലാണ് നടപടി. ശില്‍പങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ വകയില്‍ പണം നല്‍കാതെ വഞ്ചിച്ചുവെന്നായിരുന്നു പരാതി.

അതേസമയം മോന്‍സന്‍ മാവുങ്കല്‍ വ്യാജ പുരാവസ്തുക്കള്‍ വിറ്റതായി കണ്ടെത്തിയിരുന്നു. ഒട്ടകത്തിന്റെ എല്ല് രൂപമാറ്റം വരുത്തി നിര്‍മ്മിച്ച ആനക്കൊമ്പ്മാതൃക ബംഗലുരുവിലെ വ്യവസായിക്ക് വിറ്റുവെന്നാണ് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചത്.

എന്നാല്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ചും വ്യാജരേഖ നിര്‍മ്മിച്ചതിനെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരങ്ങള്‍ കൈമാറാന്‍ മോന്‍സന്‍ തയ്യാറാകുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

ദില്ലിയിലെ എച്ച് എസ് ബി സി ബാങ്കിന്റെ പേരില്‍ ഉള്‍പ്പടെ വ്യാജരേഖ നിര്‍മ്മിച്ചതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതിനാലാണ് അന്വേഷണ സംഘം മോന്‍സന്റെ കസ്റ്റഡി നീട്ടി ചോദിച്ചത്. കസ്റ്റഡി ആവശ്യം കോടതി അംഗീകരിച്ചതിനെത്തുടര്‍ന്ന് മോന്‍സനെ ഇന്നലെ മുതല്‍ വിശദമായി ചോദ്യം ചെയ്ത് വരുന്നുണ്ടെങ്കിലും സാമ്പത്തിക ഇടപാടിനെക്കുറിച്ചും വ്യാജരേഖ നിര്‍മ്മാണത്തെക്കുറിച്ചും വെളിപ്പെടുത്താന്‍ മോന്‍സന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിവരം.

എച്ച് എസ് ബി സി ബാങ്ക് അക്കൗണ്ടില്‍ 2.62 ലക്ഷം കോടിയുണ്ടെന്ന് തോന്നിക്കുന്ന തരത്തില്‍ ബാങ്കിന്റെ സീല്‍ പതിച്ച രേഖയാണ് മോന്‍സന്‍ വ്യാജമായി നിര്‍മ്മിച്ചത്. പണം ഇന്ത്യന്‍ രൂപയാക്കി മാറ്റിയെന്നതിന്റെ രേഖയും കൃത്രിമമായി നിര്‍മ്മിച്ചിട്ടുണ്ട്.

ഇതെങ്ങനെ നിര്‍മ്മിച്ചുവെന്നും ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നതടക്കമുള്ള വിവരമാണ് ക്രൈംബ്രാഞ്ച് മോന്‍സനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. തന്റെ അക്കൗണ്ടില്‍ പണമില്ലെന്നാണ് മോന്‍സന്‍ പറയുന്നതെങ്കിലും ഇയാളുടെ വിശ്വസ്തനായ സഹായിയുടെ അക്കൗണ്ടില്‍ 5 കോടി രൂപ എത്തിയതിന്റെ തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here