സംസ്ഥാനത്താദ്യമായി, സമ്പൂര്‍ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിച്ച് എറണാകുളം ജില്ല. 18 വയസ്സിനു മുകളിലുള്ള വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറായ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കിയാണ് നേട്ടം കൈവരിച്ചത്. 100 ശതമാനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്‍റെ പ്രഖ്യാപനം ഇന്ന് മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും.
വാക്സിനേഷനില്‍ എന്നും ഒരു പടി മുന്നിലായിരുന്ന എറണാകുളം ജില്ല ചുരുങ്ങിയ കാലയളവിലാണ് സമ്പൂര്‍ണ്ണ വാക്സിനേഷന്‍ എന്ന നേട്ടം കൈവരിച്ചത്. 18 വയസിനു മുകളിലുള്ള 29 ലക്ഷത്തി 53,582 പേരിൽ 28 ലക്ഷത്തി 71,236 പേർ ഇതിനകം കോവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചു .
14 ലക്ഷത്തോളം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പോസിറ്റീവായി 3 മാസം തികയാത്ത 1,37,019 പേർക്ക് കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് വാക്സിന്‍ നല്‍കും.ഗസ്റ്റ് വാക്സ് എന്ന പേരില്‍ നടപ്പാക്കിയ പദ്ധതി പ്രകാരം ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്സിനേഷന്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
88, 925 അതിഥി തൊഴിലാളികൾ ആദ്യ ഡോസ് വാക്സിനും 4851 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. പട്ടികവർഗക്കാർക് കു വേണ്ടി ട്രൈബ് വാക്സ് പദ്ധതി മുഖേന 18 വയസു പൂർത്തിയായ 8780 പേർക്കും വാക്സിൻ നൽകി. കിടപ്പു രോഗികൾക്കും സാന്ത്വന പരിചരണം ലഭിക്കുന്നവർക്കും ഭിന്നശേഷി ക്കാർക്കും വേണ്ടി ജൂൺ മാസത്തിൽ ആരംഭിച്ച പ്രത്യേക ഡ്രൈവിൽ 49,411 ഒന്നാം ഡോസും 16,787 രണ്ടാം ഡോസ് വാക്സിനുമാണ് വിതരണം ചെയ്തത്.
എച്ച്.ഐ.വി. ബാധിതർക്കായി നടത്തിയ ആർട് വാക്സ് മുഖേന 411 പേരിലും വാക്സിനെത്തി. വൃദ്ധ സദനങ്ങളിലെയും സാന്ത്വന പരിചരണ കേന്ദ്രങ്ങളിലെയും അന്തേവാസികളായ 13588 പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. ട്രാൻസ് ജൻഡേഴ്സിനായി നടത്തിയ പ്രത്യേക ക്യാമ്പിൽ 65 ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്. മാതൃകവചം പദ്ധതിയിലൂടെ 8150 ഒന്നാം ഡോസും 750 രണ്ടാം ഡോസും നൽകി.
ചെല്ലാനത്തെ രോഗവ്യാപനം കുറക്കുന്നതിനായി പ്രത്യേക വാക്സിൻ ഡ്രൈവ് തന്നെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചിരുന്നു. കൂടാതെ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചും വാക്സിൻ സ്പെഷൽ ഡ്രൈവുകൾ നടപ്പിലാക്കി. ജയിൽ അന്തേവാസികൾക്കായി 300 ഡോസുകളും വിതരണം ചെയ്തു.
അതേസമയം സ്വകാര്യ ആശുപത്രികൾ വഴി 9 ലക്ഷത്തി 34,299 ഡോസുകളാണ് വിതരണം ചെയ്തത്. ജില്ല സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ചതായുള്ള പ്രഖ്യാപനം മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും.എറണാകുളം കളക്ടറേറ്റില്‍ ഉച്ചക്ക് 12.30നാണ് പ്രഖ്യാപനച്ചടങ്ങ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.