മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് ആശങ്ക; വിവാദ പരാമര്‍ശവുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെസാധൂകരിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലേഖനം. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദീപികയില്‍ എഴുതിയ ലേഖനത്തിലാണ്ബിഷപ്പ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായി ഇരിക്കരുത് എന്ന തലക്കെട്ടോടെയാണ് ലേഖനം എവുതിയിരിക്കുന്നത്.

മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്‍ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെകാര്‍ന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലത്രേ.

മതേതരത്വംകൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല.

തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരേ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയങ്കരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്.

മതസമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ചു ജീവിക്കാന്‍ പഠിക്കണം. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം അഥവാ സെക്കുലറിസം.ഏതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാവാമെങ്കിലും സമൂഹത്തില്‍ അന്തച്ഛിദ്രവും അസ്വസ്ഥതയും അസമാധാനവും വിതയ്ക്കാന്‍ ആരും കാരണമാകരുത്.

തിന്മകള്‍ക്കെതിരേ നമ്മള്‍ ജാഗരൂകരായിരിക്കണം.സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരേ മുന്നറിയിപ്പുകള്‍ നല്‍കപ്പെടുന്‌പോള്‍ നമുക്കു വേണ്ടത് വിവേകവും ജാഗ്രതയുമാണ്.സാമൂഹിക തിന്മകള്‍ക്കെതിരേ നമുക്കു വേണ്ടത് മൗനമോ തമസ്‌കരണമോ തിരസ്‌കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല. മറിച്ച് അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചര്‍ച്ചകളും പ്രതിരോധ നടപടികളുമാണ്. സമൂഹത്തിന്റെ സുസ്ഥിതിക്കും നിലനില്പിനും ആരോഗ്യകരമായ വളര്‍ച്ചക്കും ഇത് അനിവാര്യമാണെന്നും ലേഖനത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News