രാജസ്ഥാനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും; മാറ്റങ്ങൾ വരുത്തി ഇരുടീമുകളും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ സുപ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ ഒരു ജയത്തിലൂടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ശ്രമിക്കുന്ന രാജസ്ഥാൻ നാല് മാറ്റങ്ങൾ വരുത്തി.

ചെന്നൈ സൂപ്പർ കിംഗ്സിൽ മലയാളി താരം കെഎം ആസിഫും ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനും ടീമിലെത്തി. യഥാക്രമം ദീപക് ചഹാറിനും ശർദ്ദുൽ താക്കൂറിനും പകരമായാണ് ഇരുവരും എത്തിയത്. രാജസ്ഥാൻ റോയൽസിൽ റയാൻ പരഗ്, ലിയാം ലിവിങ്സ്റ്റൺ, കാർത്തിക് ത്യാഗി, മഹിപാൽ ലോംറോർ എന്നിവർ പുറത്തിരിക്കും. ശിവം ദുബെ, ഗ്ലെൻ ഫിലിപ്സ്, ആകാശ് സിംഗ്, മായങ്ക് മാർക്കണ്ഡെ എന്നിവരാണ് പകരക്കാർ.

18 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. 8 പോയിൻ്റുള്ള രാജസ്ഥാൻ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് വിജയിച്ചു. 4 വിക്കറ്റിനാണ് ഡൽഹി മുംബൈയെ കീഴടക്കിയത്. മുംബൈ മുന്നോട്ടുവച്ച 130 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നിലവിലെ റണ്ണേഴ്സ് അപ്പ് മറികടന്നു.

33 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ഋഷഭ് പന്ത് 26 റൺസെടുത്തു. ജയത്തോടെ 18 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. 33 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഡൽഹി നിരയിൽ അവേഷ് ഖാനും അക്സർ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 4 ഓവറിൽ വെറും 15 റൺസ് വഴങ്ങിയാണ് അവേഷ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here