ജോൺ ബ്രിട്ടാസ് എം പി യുടെ നേതൃത്വത്തിൽ പൈതൽമല – പാലക്കയംതട്ട് – കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ട് പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു

ജോൺ ബ്രിട്ടാസ് എം പി യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കണ്ണൂർ ജില്ലയിലെ നിർദ്ദിഷ്ട പൈതൽമല – പാലക്കയംതട്ട് – കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ട് പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. പദ്ധതി രേഖ തയാറാക്കുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം സംഘടിപ്പിച്ചത്. പദ്ധതിരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

ഉത്തരമലബാറിന്റെ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള ഈ സർക്യൂട്ടിന്റെ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പിന് വഴിവെക്കും. പൈതൽമല ടൂറിസം പദ്ധതിക്ക് അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങൾ പോലും ഇവിടെയില്ല. സ്വാഭാവിക വനത്തിന് ഭംഗം നേരിടാതെ പൈതൽമല നവീകരണം വനംവകുപ്പിന്റെ പൂർണ സഹകരണത്തോടെ നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം.

പ്രവേശന സംവിധാനങ്ങൾ, ട്രക്കിംഗ് പാത്ത് വേകൾ, ശുചിമുറികൾ, പാർക്കിങ് സൗകര്യങ്ങൾ, ഇക്കോ ഷോപ്പുകൾ, വാച്ച് ടവർ, വ്യൂ പോയിന്റ് നാമകരണം, കുറിഞ്ഞിപൂക്കൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങൾ തയ്യാറാക്കൽ, ബൈനോക്കുലർ സംവിധാനം, ടൂറിസം റിസോർട്ട് പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങൾ ഉടൻ ഏറ്റെടുത്ത് നടപ്പിലാക്കും.
കാരവാൻ പദ്ധതി, ടെന്റുകൾ, ഹട്ടുകൾ, റോപ്പ് വേ എന്നിവ ഉൾപ്പെടെ ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട പദ്ധതികൾ സംബന്ധിച്ചും വിദഗ്ധസംഘത്തിന്റെ സന്ദർശനത്തിന് ശേഷം രൂപരേഖ തയ്യാറാക്കും.

പാലക്കയംതട്ടിലേക്കുള്ള റോഡുകളുടെ നവീകരണം, റൈൻ ഹട്ടുകൾ, കേബിൾ കാർ പദ്ധതി, പ്രവർത്തനരഹിതമായ സോളാർ ലൈറ്റുകളുടെ പുനഃസ്ഥാപനം, പ്രവേശന കവാടങ്ങളുടെ നിർമാണം, ശുചിമുറികൾ, ടവറുകൾ, അതിർത്തി നിർണയിച്ച് സുരക്ഷാ വേലി സ്ഥാപിക്കൽ, ഹട്ടുകൾ, ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കുഴൽകിണർ നിർമാണം, നടപ്പാത നിർമാണം, പോലീസ് എയ്ഡ് പോസ്റ്റുകൾ തുടങ്ങിയവയുടെ നിർമാണം എന്നിവ സംബന്ധിച്ചും റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

കൂടാതെ കാഞ്ഞിരക്കൊല്ലിയിലെ ടൂറിസം വികസനം സംബന്ധിച്ചും സംഘം വിശദമായ പരിശോധന നടത്തി ഈ മൂന്ന് സ്ഥലങ്ങളും ചേർത്തു കൊണ്ടുള്ള ടൂറിസം സർക്യൂട്ട് വികസനം ദ്രുതഗതിയിലാക്കുന്നത് സംബന്ധിച്ചും റിപ്പോർട്ട് നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News