സാമ്പത്തിക തട്ടിപ്പ് കേസ്‌; മോൻസനുമായി ബന്ധപ്പെട്ട കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈബ്രാഞ്ച്

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈബ്രാഞ്ച്. മോൻസന് പങ്കാളിത്തമുള്ള കമ്പനികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കലിംഗ കല്ല്യാൺ ഉൾപ്പടെയുള്ള കമ്പനികളെ കുറിച്ചാണ് അന്വേഷണം. കമ്പനിയുടെ തലപ്പത്തുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

തട്ടിപ്പിലൂടെ മോൻസൻ കൈക്കലാക്കിയ പണം എവിടെയെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. മോൻസൻ്റെ ബന്ധുക്കൾക്കും സഹായികൾക്കും പുറമേ മോൻസൻ പദവികൾ വഹിച്ചിരുന്ന കമ്പനികൾ കേന്ദ്രീകരിച്ചാവും പുതിയ അന്വേഷണം. കലിംഗ കല്യാണ ഉൾപ്പെടെയുള്ള നിരവധി കമ്പനികളുടെ പ്രധാന പദവികൾ മോൻസൻ വഹിച്ചിരുന്നു.

ഇത്തരം കമ്പനികളുടെ തലപ്പത്തുള്ളവരെ കൂടി ചോദ്യം ചെയ്താൽ കേസിൽ പ്രധാനപ്പെട്ട ചില വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് കണക്കുകൂട്ടുന്നത്. പരാതിക്കാരെ കബളിപ്പിക്കാൻ മോൻസൻ തയ്യാറാക്കിയ വ്യാജരേഖയിൽ കടലാസ് കമ്പനിയായ കലിംഗ കല്യാണിൻ്റെ പേര് പരാമർശിച്ചിരുന്നു. ലണ്ടനിൽ നിന്ന് കലിംഗ കല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിൽ പണം വന്നുവെന്നായിരുന്നു വ്യാജ രേഖ.

ഈ സാഹചര്യത്തിലാൽ കൂടിയാണ് കമ്പനിയുടെ തലപ്പത്തുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അതേസമയം വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ചതിൻ്റെ തെളിവുകൾ മോൻസൻ നശിപ്പിച്ചതായും വിവരങ്ങളുണ്ട്. ലാപ്‌ടോപ്പിലേയും ഡെസ്‌ടോപ്പിലേയും വിവരങ്ങൾ ഡിലീറ്റ് ചെയ്‌തെന്നാണ് സംശയം. ഇത്തരം വിവരങ്ങൾ വീണ്ടെടുക്കാൻ മോൻസൻ്റെ ലാപ്‌ടോപ്പും ഡെസ്‌ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel