നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച; മൂന്നുപേര്‍ പിടിയില്‍

നിസാമുദ്ദീൻ എക്‌സ്പ്രസിൽ മയക്കുമരുന്ന് നൽകി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ബംഗാൾ സ്വദേശികളായ മൂന്നുപേരെ മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

പ്രതികളെ തിരുവനന്തപുരത്തെത്തിക്കും. മൂന്നാഴ്ച മുൻപാണ് നിസാമുദ്ദീൻ എക്‌സ്പ്രസിൽ കവർച്ച നടന്നത്. യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തിയാണ് പ്രതികൾ കൊള്ളയടിച്ചത്.

ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകൾ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചയ്ക്കിരയായത്.

തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാർ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയിരുന്നു. ദില്ലി നിസ്സാമുദ്ദീനിൽ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.

ട്രെയിനിലുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി കൗസല്യയാണ് കവർച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാൾ. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വർണമാണ് മോഷണം പോയത്. കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു കൗസല്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel