മോദിയുടെ പിറന്നാള്‍ തട്ടിപ്പ്; കൊല്ലത്ത് ബിജെപി നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

മോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഹെല്‍ത്ത് വളണ്ടിയേഴ്‌സിന്റെ മറവില്‍ പിരിച്ച പണം പങ്കിട്ടെടുക്കുന്നതിനെ ചൊല്ലി ബിജെപി ഇരവിപുരം മണ്ഡലം കമ്മിറ്റിയില്‍ കൈയാങ്കളി. മണ്ഡലം വൈസ് പ്രസിഡന്റ് കായമഠം രാജേഷ് ജനറല്‍ സെക്രട്ടറി നരേന്ദ്രനെ കസേര കൊണ്ട് അടിച്ചതായും തലയ്ക്ക് പരിക്കേറ്റ നരേന്ദ്രന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായുമാണ് വിവരം. സംഭവത്തില്‍ അടിയന്തര യോഗം ചേര്‍ന്ന ബിജെപി ജില്ലാ കമ്മിറ്റിയിലും ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.

ഹെല്‍ത്ത് വളണ്ടിയേഴ്‌സിന്റെ പ്രവര്‍ത്തന അവലോകനം ചെയ്യാനെന്ന പേരില്‍ ഞായറാഴ്ച കോയിക്കല്‍ കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് സമീപം ഓഡിറ്റോറിയത്തിലാണ് ഇരവിപുരം മണ്ഡലം കമ്മിറ്റിയിലെ കുറച്ചുനേതാക്കള്‍ യോഗം ചേര്‍ന്നത്. പ്രധാനമന്ത്രിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ചാരിറ്റി പ്രവര്‍ത്തനം ലക്ഷ്യമിട്ട് ഹെല്‍ത്ത് വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ഒരു ബേക്കറി ഉടമയില്‍ നിന്ന് പതിനായിരം രൂപ ഉള്‍പ്പെടെ 60,000 ത്തോളം രൂപ വിവിധ വ്യാപാരികളില്‍ നിന്ന് പിരിച്ചു. ഈ പണം പങ്കിട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗത്തില്‍ തര്‍ക്കമുണ്ടായത്.

മണ്ഡലം പ്രസിഡന്റ് പ്രജീഷ്, കര്‍ഷക മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് ചന്ദ്രചൂഡന്‍, മണ്ഡലം വൈസ് പ്രസിഡന്റ് കായമഠം രാജേഷ്, ജനറല്‍ സെക്രട്ടറി നരേന്ദ്രന്‍ ഇവരാണ് പിരിവിന് നേതൃത്വം നല്‍കിയതെന്നാണ് ആരോപണം. പണം പിരിച്ച വിവരം പാര്‍ട്ടിയില്‍ അറിഞ്ഞതോടെ പ്രശ്‌നമുണ്ടായെങ്കിലും നേതൃത്വം ഒതുക്കി. ഇതിനിടെയാണ് ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ പണത്തെ ചൊല്ലി കൈയാങ്കളിയുണ്ടായത്.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എജി ശ്രീകുമാറിന്റെ ഗ്രൂപ്പും ആര്‍എസ്എസ് നോമിനയായ പ്രസിഡന്റ് ഗോപകുമാറും തമ്മില്‍ ജില്ലയിലെ കടുത്ത വിഭാഗീയത നിലനില്‍ക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനൊപ്പമാണ് എജി ശ്രീകുമാര്‍. ഇരവിപുരം മണ്ഡലം പ്രസിഡന്റ് പ്രജീഷ് ശ്രീകുമാറിനൊപ്പമാണ്.
പണം പിരിവും അടിപിടിയും സംസ്ഥാനപ്രസിഡന്റ് സുരേന്ദ്രനെയും ജില്ലയുടെ ചുമതലയുള്ള സെക്രട്ടറി കൃഷ്ണകുമാറിനെയും അറിയിച്ചിട്ടുണ്ട്. കൃഷ്ണകുമാറിനെ കൊല്ലത്ത് എത്തിച്ച് പരിഹാര ശ്രമം നടത്താമെന്ന ഉറപ്പിലാണ് ഞായറാഴ്ച ചേര്‍ന്ന ബിജെപി യോഗം അവസാനിച്ചത്.

ഗോപകുമാര്‍, എജി ശ്രീകുമാര്‍, പ്രജീഷ് എന്നിവരെ അടിയന്തരമായി മാറ്റിയില്ലെങ്കില്‍ കൂട്ടരാജി ഭീഷണി ഇരവിപുരം മണ്ഡലം കമ്മിറ്റിയില്‍ ഉയരുന്നത്. മണ്ഡലത്തിലെ എട്ട് ഏരിയ കമ്മിറ്റിയും യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയും ഒന്നടങ്കം രാജിഭീഷണി മുഴക്കിയതായും വിവരമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News