ADVERTISEMENT
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റുന്ന ദാരുണ ദൃശ്യങ്ങളാണ് പുറത്തായത്. ഇതോടെ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം കൂടുതല്‍ ശക്തമായി. അതേ സമയം പ്രിയങ്ക ഗാന്ധിയെ ഇതുവരെ കസ്റ്റഡിയില്‍ നിന്നും വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. അതിനിടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടീലിനും പ്രചരണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്‌നൗവില്‍ എത്തിയെങ്കിലും ലഖിംപുര്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല
പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ മുദ്രാവാക്യം വിളിച്ച് കാല്‍നടയായി മുന്നോട്ടുപോകുമ്പോള്‍ പിന്നാലെയെത്തിയ വാഹനം ഇവര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുന്ന ദാരുണ ദൃശ്യങ്ങളാണ് പുറത്തായത്. ഇടിയുടെ ആഘാതത്തില്‍ കര്‍ഷകര്‍ തെറിച്ച് വീഴുന്നതും പ്രാണരക്ഷാര്‍ത്ഥം കുതറി മാറുന്നതും ദൃശ്യങ്ങളിലുണ്ട്.
കര്‍ഷകരെ ഇടിച്ച വാഹനത്തിനു പുറമേ, മറ്റൊരു വാഹനവും പിന്നാലെ കടന്നുപോകുന്നുണ്ട്. അതേ സമയം ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ മകനെ അറസ്റ്റ് ചെയ്യണമെന്നും, അജയ് മിശ്ര രാജിവെക്കണമെന്നും അവശ്യപ്പെട്ടുളള പ്രതിഷേധം കര്‍ഷക സംഘടനകള്‍ ശക്തമാക്കി. അതേ സമയം യുപി പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്ത പ്രിയങ്ക ഗാന്ധിയെ ഇപ്പോഴും സീതപുരിലെ ഗസ്റ്റ് ഹൌസില്‍ കസ്റ്റഡിയില്‍ തുടരുകയാണ്. എഫ്ഐആര്‍ പോലുമില്ലാതെയാണ് ഒരു ദിവസം പിന്നിട്ടിട്ടും കസ്റ്റഡിയില്‍ നിന്ന് വിടാന്‍ പോലീസ് തയ്യാറായിട്ടില്ല..
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്‌നൗവില്‍ എത്തി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രിയുടെ യുപി സന്ദര്‍ശനം. എന്നാല്‍ പ്രധാനമന്ത്രി ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാത്തതിനെ പ്രതിപക്ഷം കുറ്റപ്പെടുത്തി. അതിനിടെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാ സിയില്‍ ഈ മാസം 20ന് മഹാപഞ്ചായത് നടത്താനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.