സാമ്പത്തിക ഇടപാടുകൾ ദുരൂഹം; മോൻസൻ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

മോൻസനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. മോൻസൻ്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും ആരുടെ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകൾ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അതേസമയം മോൻസൻ്റെ ജാമ്യാപേക്ഷ എറണാകുളം എ സി ജെ എം കോടതി നാളെ പരിഗണിക്കും.

വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് 1.68 കോടി രൂപ തട്ടിയെടുത്തെന്ന പാലാ സ്വദേശി രാജീവിൻ്റെ പരാതിയിലാണ് മോൻസനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നത്. മോൻസൻ്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്ന് കസ്റ്റഡി അപേക്ഷ പരിഗണിക്കവെ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൻ ഇടപാടുകൾ നടത്തി ത്. അതിനാൽ, ആര് വഴിയാണ് ഇടപാടുകൾ എന്ന് കണ്ടെത്തേണ്ടതുണ്ട്.

അതിനായി മോൻസനെ വിശദമായി ചോദ്യം ചെയ്യണമെന്നും 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്നും ക്രൈംബ്രാഞ്ചിനു വേണ്ടി പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കസ്റ്റഡി അപേക്ഷയെ മോൻസൻ്റെ അഭിഭാഷകൻ എതിർത്തു. ഏത് അക്കൗണ്ട് വഴിയായിരുന്നു ഇടപാടെന്ന് മോൻസന് പണം നൽകിയവർക്കറിയാമെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.ഇടപാട് കണ്ടെത്താൻ ബാങ്ക് രേഖകൾ പരിശോധിച്ചാൽ മതി.

അതിന് കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇരു വിഭാഗത്തിൻ്റെയും വാദം കേട്ട എറണാകുളം എ സി ജെ എം കോടതി മോൻസനെ 3 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു. തൻ്റെ അക്കൗണ്ടിൽ വൻ നിക്ഷേപമുണ്ടെന്ന് പറഞ്ഞ് ദില്ലി എച്ച് എസ് ബി സി ബാങ്കിൻ്റെ സീൽ പതിച്ച വ്യാജ രേഖ കാണിച്ചാണ് രാജീവിനെയും മോന്‍സന്‍ കബളിപ്പിച്ചത്. രാജീവിന്‍റെ പരാതിയില്‍ മോന്‍സന്‍റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യുമ്പോ‍ഴെങ്കിലും വ്യാജരേഖ നിര്‍മ്മാണത്തെക്കുറിച്ച് മോന്‍സന്‍ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News