റെയില്‍വേ അമിത നിരക്ക് പിന്‍വലിക്കുക: ഡോ വി ശിവദാസന്‍ എം പി

കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ റെയില്‍വേ ടിക്കറ്റിന് അമിത നിരക്ക് ഈടാക്കുന്നത് പിന്‍വലിക്കുകയും ആവശ്യത്തിന് ട്രെയിന്‍ സര്‍വീസ് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് ഡോ വി ശിവദാസന്‍ എം പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് എം പി കത്തയച്ചു.

കൊവിഡിനെ തുടര്‍ന്ന് രാജ്യം അടച്ചുപൂട്ടലിലായപ്പോള്‍ നിര്‍ത്തി വെച്ച ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചപ്പോള്‍ സ്‌പെഷ്യല്‍ ട്രെയിനുകളാക്കി മാറ്റുകയും ടിക്കറ്റുകള്‍ പൂര്‍ണ്ണമായും റിസര്‍വേഷന്‍ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇപ്പോള്‍ രാജ്യത്ത് എവിടേയും ലോക്ക്ഡൗണ്‍ നിലവിലില്ല. കൊവിഡ് കേസുകള്‍ കുറഞ്ഞ് ജനം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയപ്പോഴും സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റെയില്‍വേ മാറ്റം വരുത്തിയിട്ടില്ല. നേരത്തേയുള്ള സാധാരണ നിരക്കിനേക്കാള്‍ ഇരട്ടി നിരക്കിലുള്ള ട്രെയിനുകള്‍ ഗതാഗതം നടത്തുമ്പോള്‍ ദൈനംദിന യാത്രയ്ക്കായി ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടിലാണ്.

കൊവിഡ് കാരണം ബുദ്ധിമുട്ടിലായ ജനങ്ങളെ റെയില്‍വേ കൂടി പിഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയും ജനജീവിതം സാധരണ പോലെയാവുകയും ചെയ്തിട്ടും ആവശ്യത്തിന് ട്രെയിന്‍ സൗകര്യങ്ങള്‍ റെയില്‍വേ ഇതുവരേയും ഒരുക്കിയിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

ലോക്ക്ഡൗണിന് ശേഷം ആളുകള്‍ പതിവ് യാത്രകള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും വീണ്ടും തിരക്കേറിയ സ്ഥലങ്ങളായി മാറി. നേരത്തെയുണ്ടായിരുന്ന പല ട്രെയിനുകളും സര്‍വീസ് ആരംഭിച്ചു കഴിഞ്ഞാല്‍ തന്നെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.

കൂടാതെ രാജധാനി എക്‌സ്പ്രസ്, ശതാബ്ദി എക്‌സ്പ്രസ്, തുരന്തോ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ടിക്കറ്റ് നിരക്കില്‍ മാറ്റമില്ലാതെ തന്നെ ഭക്ഷണം വിതരണം ചെയ്യുന്നത് നിര്‍ത്തി വെച്ച റെയില്‍വേ ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ചപ്പോഴും ഭക്ഷണ വിതരണം ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല ഭക്ഷണം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടിക്കറ്റ് നിരക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്.

മേല്‍ വിഷയങ്ങളില്‍ ഇടപെട്ട് റെയില്‍വേ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും ട്രെയിന്‍ ഗതാഗതം ലോക്ക്ഡൗണിന് മുന്നേയുള്ള സ്ഥിതിയിലേക്ക് മാറ്റണമെന്നും ഡോ വി ശിവദാസന്‍ എം പി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News