പതിനാലിൽ ഒൻപതും പെണ്ണ് തന്നെ!!! 

സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങേത്തേയ്ക്ക് വരാൻ പേടിച്ചിരുന്ന കാലത്ത് നിന്നും കേരളം ബഹുദൂരം സഞ്ചരിച്ചുവെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് കേരളത്തിലെ ജില്ലാ കളക്ടറുമാരായ 9 പെണ്ണുങ്ങൾ .

സ്ത്രീകൾക്ക് പൊതുവിടങ്ങൾ നിഷേധിച്ച കാലത്തെ നോക്ക് കുത്തിയാക്കിയാണ് ഈ 9 പെൺമുഖങ്ങൾ ഓരോ ജില്ലയുടെയും നേതൃ പദവിയിൽ എത്തിയത്. അതെ, ഇതൊരു മോഡൽ ആണ് കേരളമോഡൽ. ഒരു സംസ്ഥാനത്തിന്റെ 14 ജില്ലകളിൽ ഒൻമ്പത്തിലും സ്ത്രീകൾ കളക്ടർ പദവിയിൽ എത്തുന്നത് ഏറെ അഭിമാനത്തോടെ നോക്കികാണേണ്ട കാര്യമാണ്. ഇതിന് വഴിയൊരുക്കിയതിൽ വലിയ പങ്ക് കേരള സർക്കാറിനുണ്ട്. ഈ അവസരത്തിൽ സ്ത്രീ ശാക്തീകരണത്തിനു ഇത്രമേൽ പ്രാധാന്യം കൊടുക്കുന്ന ഒരു സർക്കാർ ഉണ്ടെന്നും അത് പിണറായി സർക്കാരാണെന്നും പറഞ്ഞാൽ വെറുതെയാവില്ല.

സ്ത്രീകളെ അടിച്ചമർത്തിയിരുന്ന കാലത്തു നിന്നും കേരളം ഏറെ ദൂരം സഞ്ചരിച്ചുവെന്നതിന് തെളിവ് കൂടിയാണിത് ഇത്തവണത്തെ കളക്ടറുമാരുടെ പട്ടിക . സംസ്ഥാനത്തിന്റെ ഏറ്റവും സുപ്രധാന പദവികളിൽ സ്ത്രീകളെ നിയമിച്ച് കൊണ്ട് കാലോചിതമായ സാമൂഹിക മാറ്റം സൃഷ്ടിക്കുകയാണ് പിണറായി സർക്കാർ .

നവജ്യോത് ഖോസ , അഫ്‌സാന പർവീൻ,ദിവ്യ അയ്യർ,ജയശ്രീ, ഷീബ ജോർജ്, ഹരിത വി കുമാർ,മൃൺമയി ജോഷി,എ. ഗീത,ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് തുടങ്ങി 9 വനിതാ കളക്‌ടറുമാരെ പരിചയപ്പെടാം

നവജ്യോത് ഖോസ

നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറാണ് .പഞ്ചാബ് ബട്ടിന്റ സ്വദേശിയായ ഖോസ അമൃത്സറിലെ സര്‍ക്കാര്‍ ഡെന്റല്‍ കോളേജില്‍ നിന്നും ബി.ഡി.എസ്. പൂര്‍ത്തിയാക്കി. 2012 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. തൃശൂര്‍ അസിസ്റ്റന്റ് കളക്ടര്‍, തലശ്ശേരി സബ് കളക്ടര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം.ഡി., നാഷണല്‍ ആയുഷ് മിഷന്‍ എം.ഡി. എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഖത്തറില്‍ ഡോക്ടറാണ്. ഒന്നരവയസുകള്ള മകളുണ്ട്. ത

അഫ്‌സാന പർവീൻ ഐ എ എസ്

2014 ബാച്ച് ഐ.എ.എസ്സ് ഉദ്യോഗസ്ഥയായ അഫ്സാന പർവീൻ ഐ.എ.എസ് കൊല്ലംജില്ല കളക്ടറാണ് . ജാർഖണ്ഡ് സ്വദേശിയായ അഫ്സാന മുൻ എറണാകുളം ജില്ലാ വികസന കമ്മീഷണറായിരുന്നു. നിലവിലെ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കാണ് ഭർത്താവ് . അമാൻ മാലിക് ആണ് മകൻ.

 ദിവ്യ അയ്യർ

Dr. Divya S. Iyer, in Pathanamthitta district magistrate office.

പത്തനംതിട്ട ജില്ലാ കളക്ടറാണ് ഡോ. ദിവ്യ എസ്.അയ്യര്‍.തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ എസ് അയ്യര്‍. എംബിബിഎസ് ഡോക്ടറാണ്. 2014 ഐ എ എസ് ബാച്ച് ഉദ്യോഗസ്ഥയാണ് ദിവ്യ . അസിസ്റ്റന്റ് കളക്ടറായി കോട്ടയം ജില്ലയിലും സബ് കളക്ടറായി തിരുവനന്തപുരം ജില്ലയിലും തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും ചുമതല വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി, ദേശീയ ആയുഷ്മിഷന്‍ എന്നിവയുടെ മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കവെയാണ് പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിതയായത്.

ജയശ്രീ ഐ എ എസ്

കോട്ടയം ജില്ലാ കളക്‌ടറാണ് ജയശ്രീ ഐ എ എസ് .കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനിയായ ജയശ്രീ 1987ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2000ല്‍ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേര്‍സിറ്റിയില്‍ അസി.പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു. 2007ലാണ് വകുപ്പ് മാറി റവന്യു വകുപ്പില്‍ ഡപ്യൂട്ടി കളക്ടറായി കാസര്‍കോട് ചുമതലയേറ്റത്.

എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലകളില്‍ നടത്തിയ സ്തുതീര്‍ഹമായ സേവനത്തിലൂടെ ഇവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ തൃശ്ശൂരില്‍ ഡപ്യൂട്ടി കളക്ടറായി ചാര്‍ജെടുത്തു. പിന്നീട് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായും, 2013-14 കാലഘട്ടങ്ങളില്‍ കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു.

അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയത്. അക്കാദമിക് മേഖലയിലും ഏറെ മികവ് തെളിയിച്ച ശേഷമാണ് റവന്യൂ വകുപ്പിലേക്ക് മാറിയത്.

2013ല്‍ തൃശ്ശൂരിലെയും, 2015ല്‍ കാസര്‍കോട്ടെയും സേവനത്തിന് മികച്ച ഡെപ്യൂട്ടി കളക്ടറെന്ന അംഗീകാരം നേടിയിരുന്നു. പെരിയ സ്വദേശിയും എസ്ബിഐ കോഴിക്കോട് ശാഖാ മാനേജരുമായിരുന്ന സി വി രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ആരതി, അപര്‍ണ്ണ.

ഷീബ ജോർജ്

ഇടുക്കിയിലെ ആദ്യ വനിത കളക്ടറാണ് ഷീബ ജോർജ്. മലയോര മേഖലയായ ഇടുക്കിയില്‍ മുന്‍പ് ഡെപ്യൂട്ടി കളക്ടറായി ജോലി ചെയ്തതിന്റെ അനുഭവസമ്പത്തോടെയാണ് ഷീബ ജില്ലയുടെ ഭരണം ഏറ്റെടുത്തത്.സംസ്ഥാന സാമൂഹ്യനീതി ഡയറക്ടറായി സേവനമനുഷ്ടിച്ചു വരുന്നതിനിടെയാണ് ഇടുക്കി ജില്ലാ കളക്ടറായി നിയമിതയാകുന്നത്.

 ഹരിത വി കുമാർ

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് ഹരിത വി കുമാർ.മികച്ച മാർക്കോടെ ഇലക്ട്രോണിക് ബിടെക് കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ എച്ച്സിഎല്ലിൽ സോഫ്റ്റ് വെയർ എൻജിനീയർ ജോലി ലഭിച്ചു. എന്നാൽ ജോലി ഉപേക്ഷിച്ചു കൊണ്ട് 2009 സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും മെയിൻ പരീക്ഷയിൽ പരാജയപ്പെട്ടു. പിന്നീട് അഞ്ചാമത്തെ വർഷമാണ് ഒന്നാം റാങ്കോടു കൂടി ഐ എ എസ് നേടിയത്. കർണാടക സംഗീതജ്ഞയും നല്ലൊരു ഭരതനാട്യ നർത്തകിയുമാണ് ഹരിത .നെയ്യാറ്റിൻകരയിലെ വിജയകുമാർ -ചിത്ര ദമ്പതികളുടെ മകളാണ് ഹരിത .

മൃൺമയി ജോഷി 

മഹാരാഷ്ട്ര സ്വദേശിയായ മൃൺമയി ജോഷി ശശാങ്കാണ് പാലക്കാട് ജില്ലാ കളക്ടർ . 2013ലാണ് മൃൺമയിക്ക് ഐ.എ.എസ് ലഭിച്ചത് . എറണാകുളം, കാസർഗോഡ് മുൻ സബ് കളക്ടർ , കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി, ടൂറിസം വകുപ്പ് അഡി.ഡയറക്ടർ എന്നീ സ്ഥാനം വഹിച്ചിരുന്നു.

എ. ഗീത

വയനാട് ജില്ലാ കലക്ടറാണ് എ. ഗീത ഐ എ എസ് .2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് എ. ഗീത. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ പദവിയിലിരിക്കെയാണ് പുതിയ നിയമനം.വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഗീത ലോ സെക്രട്ടറിയേറ്റില്‍ ലീഗല്‍ അസിസ്റ്റന്റ്, കേരള ജനറല്‍ സര്‍വീസസില്‍ ഡിവിഷണല്‍ എക്കൗണ്ടന്റ്, കൊല്ലം ജില്ലയില്‍ ഡെപ്യൂട്ടി കലക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്

മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് കാസർഗോഡ് ജില്ലാ കളക്‌ടറാണ്.ഭണ്ഡാരി നിലവിൽ ഇൻവെസ്റ്റ് സെൽ എക്സിക്യൂടീവ് ഡയറക്ടറായിയിരിക്കെയാണ് ജില്ലാ കളക്‌ടറായി നിയമിതയായത് . 2010 ബാചിലെ ഐ‌എ‌എസ് ഉദ്യോഗസ്ഥയാണ്. കോട്ടയം ജില്ലാ കലക്ടർ, മില്‍മ മാനജിങ് ഡയറക്ടർ, ഫോര്‍ട് കൊച്ചി ആര്‍ ഡി ഒ, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ധനകാര്യ വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്.അച്ഛന്‍ രണ്‍ബീര്‍ ചന്ദ് ഭണ്ഡാരി, അമ്മ സുഷമ ഭണ്ഡാരി. ഭര്‍ത്താവ് നികുഞ്ജ് ഭഗത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News