സഞ്ചാരികൾക്ക്‌ താമസസ്ഥലം അന്വേഷിച്ച്‌ അലയേണ്ടി വരില്ല; കാരവാന്‍ ടൂറിസം നടപടിക്രമങ്ങള്‍ ആരംഭിച്ചു

കാരവാൻ ടൂറിസം പോലുള്ള നൂതന ടൂറിസം സംവിധാനങ്ങൾ കേരളത്തിന് പരിചയപ്പെ‌ടുത്താനുള്ള പദ്ധതികളുടെ നടപടിക്രമങ്ങൾ ആരംഭിച്ചതായി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. പ്രതിസന്ധിയിൽ കരഞ്ഞിരിക്കുക എന്നതല്ല നമ്മുടെ നയം. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ മേഖലകളിലേക്ക് ടൂറിസത്തെ വളർത്താനുതകുന്ന പദ്ധതികളാണ് വരും ദിവസങ്ങളിൽ നടപ്പാക്കാൻ പോകുന്നതെന്നും എച്ച് സലാം എംഎൽഎയുടെ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.

എൺപതുകളുടെ ഒടുവിലാണ് വിനോദ സഞ്ചാര ഉത്പ്പന്നം എന്ന നിലയിൽ കെട്ടുവള്ളം അഥവാ ഹൗസ്ബോട്ടുകൾ ആരംഭിച്ചത്. എന്നാൽ പിന്നീട് നമുക്ക് അത്തരത്തിലുള്ള ഒരു ഉത്പ്പന്നം ഉയർന്നു വന്നിരുന്നില്ല. സിനിമാ താരങ്ങളുടെ ആഡംബരവാഹനം എന്ന നിലയിലാണ് കാരവാനുകൾ പൊതുവെ കണക്കാക്കാറുള്ളത്. രണ്ടു പേർക്കും നാല് പേർക്കും യാത്ര ചെയ്യാവുന്ന തരത്തിലുളള കാരവാനുകളാണ് നിലവിലുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി ഒരു പരിശോധന നടത്തിയപ്പോൾ അൺഎക്‌സ്പ്ലോർഡ് ഡെസ്റ്റിനേഷനുകളെ കണ്ടെത്താനും വികസിപ്പിക്കാനും കഴിയും എന്നാണ് കണ്ടെത്തിയത്.

സാധ്യത ഉണ്ടായിട്ടും ചില സ്ഥലങ്ങളിൽ ആളുകൾ വരാത്തതിന് കാരണം അവിടെ താമസിക്കാനും മറ്റുമുള്ള സംവിധാനത്തിൻ്റെ അപര്യാപ്‌തത കൊണ്ടാണ്. ഇവിടങ്ങളിൽ കാരവൻ പാർക്കുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പൊതു സ്വകാര്യ പങ്കാളിത്തോടെ കാരവാൻ പാർക്കുകൾ ഉണ്ടാക്കാം. ഒരു പഞ്ചായത്തിൽ ഒരു കാരവാൻ പാർക്ക് വന്നാൽ അല്ലെങ്കിൽ ഒരു പ്രത്യേക സ്ഥലത്ത് വന്നു കഴിഞ്ഞാൽ അതൊരു പ്രധാന കേന്ദ്രമായി മാറുന്നു. അവിടെ ആളുകൾക്ക് തൊഴിൽ ലഭ്യമാകുന്നു. ഭക്ഷണം, വെള്ളം തുടങ്ങിയവയൊക്കെ എത്തിക്കേണ്ടി വരും. അങ്ങനെ തൊഴിൽസാധ്യത വർധിക്കും. നാടൻകലകളൊക്കെ അവതരിപ്പിക്കുന്ന പ്രധാനപ്പെ‌ട്ട കൾച്ചറൽ ഹബ്ബ് ആക്കി മാറ്റാനു പറ്റും – മന്ത്രി പറഞ്ഞു.

കൊവിഡ് തീർത്ത പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് ടൂറിസം മേഖല. ഇപ്പോഴും കൊവിഡിനൊപ്പമാണ് ടൂറിസം മുന്നോട്ടു പോകുന്നത്. അതിജീവിക്കും എന്ന ആത്മവിശ്വാസം ടൂറിസം മേഖലയ്‌ക്ക് ഉണ്ടാക്കുക എന്നതിനാണ് ഈ ഘട്ടത്തിൽ സർക്കാർ പ്രാധാന്യം നൽകിയത്. അതിന് സഞ്ചാരികൾക്ക് നമ്മുടെ നാട് സുരക്ഷിത കേന്ദ്രമായി അനുഭവപ്പെടണം.

സഞ്ചാരികൾ കേരളത്തിലേക്ക് എത്തണം. ഇതിനായി സുരക്ഷിത കേരളം, സുരക്ഷിത ടൂറിസം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. നൂറു ശതമാനം വാക്സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക പദ്ധതി തന്നെ നടപ്പാക്കി. വയനാട്ടിലെ വൈത്തിരിയിലാണ് തുടങ്ങിയത്. ആദ്യ ഡോസിന്റെ കാര്യത്തിൽ വയനാട് ജില്ലയാകെ പൂർത്തീകരിച്ചു. അത് മറ്റ് ഡസ്റ്റിനേഷനുകളിലേക്കും വ്യാപിപ്പിച്ചു. ഭൂരിഭാഗം ഡസ്റ്റിനേഷനുകളും ഈ ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു.

നൂറു ശതമാനം ഡെസ്റ്റിനേഷന് ആയി വൈത്തിരി മാറിയപ്പോൾ രാജ്യം തന്നെ അത് ശ്രദ്ധിച്ചു. ടൂറിസം മേഖല തുറന്നതോടെ വയനാട്ടിലേക്ക് സഞ്ചാരികളുടെ വരവിലുണ്ടായ വർധനവ് ഇതിന്റെ പ്രതിഫലനമായി കൂടി കാണാവുന്നതാണ്. വയനാട്ടിൽ മാത്രമല്ല, മറ്റു ഡസ്റ്റിനേഷനുകളിലും ഇപ്പോൾ സഞ്ചാരികൾ എത്തിത്തുടങ്ങി. ഡസ്റ്റിനേഷനുകൾ സജീവമായി തുടങ്ങി. ടൂറിസം മേഖല തുറക്കുമ്പോഴും കരുതലോടെയാണ് വകുപ്പ് പദ്ധതികൾ തയ്യാറാക്കിയത്. ബയോബബിൾ സംവിധാനത്തിലൂടെ ടൂറിസം മേഖലയെ സുരക്ഷിതമാക്കുകയും ചെയ്‌തു. ഇതെല്ലാം ചേർന്നപ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളു‌ടെ എണ്ണത്തിൽ വർധനവ് പ്രകടമാകുന്നു എന്നാണ് ഇപ്പോഴുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. ടൂറിസം വർക്കിംഗ് ക്യാപ്പിറ്റൽ സപ്പോർ‌ട്ട് സ്‌കീം, തൊഴിലാളികൾക്കായി ‌ടൂറിസം എംപ്ലോയ്മെൻറ് സപ്പോർട്ട് സ്കീം എന്നീ രണ്ട് വായ്പാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഹൗസ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കായി മെയിൻറനൻസ് ഗ്രാന്റും നൽകി വരുന്നു. ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള റിവോൾവിംഗ് ഫണ്ട് പദ്ധതിയും നടപ്പാക്കുകയാണ്.

കേരളത്തിലെ കാർഷിക പ്രവർത്തനങ്ങളെ സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കുന്ന പദ്ധതിയാണ് ഇത്. വരുമാനലഭ്യത ഉറപ്പുവരുത്താൻ ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യത കൂടി ഉപയോഗപ്പെടുത്തുകയാണ്. ഈ പദ്ധതി പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News