ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ശക്തമാക്കും; മന്ത്രി വി.അബ്ദുറഹിമാന്‍

ജില്ലാ സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനം ശക്തമാക്കുന്നതിൻറെ ഭാഗമായി താഴേത്തട്ടിൽ വിവിധ പരിശീലന പരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറുമാരുമായി കായിക മന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ആദ്യഘട്ടമായി പഞ്ചായത്തുതല ഫുട്ബോൾ ടൂർണ്ണമെൻറുകൾ സംഘടിപ്പിക്കും. പഞ്ചായത്തു തലത്തിൽ ഫുട്ബോൾ പരിശീലകർക്കും റഫറിമാർക്കും വിദഗ്ധ പരിശീലനം നൽകും. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് മറ്റു കായിക ഇനങ്ങളിലും പ്രാദേശിക ടൂർണമെൻറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.

സ്വന്തമായി ഓഫീസ് കെട്ടിടമില്ലാത്ത ജില്ലാ സ്പോർട്സ് കൗൺസിലുകൾക്ക് സ്ഥലമുണ്ടെങ്കിൽ കെട്ടിടം നിർമ്മിക്കാൻ ധനസഹായം നൽകുമെന്നും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറുമാർക്കുള്ള സ്ഥിരം ട്രാവലിംഗ് അലവൻസ് 7500 രൂപയിൽ നിന്നും 15000 ആയി ഉയർത്തിയതായും മന്ത്രി യോഗത്തിൽ അറിയിച്ചു.

പഞ്ചായത്ത്/മുൻസിപ്പൽ സ്പോർട്സ് കൗൺസിലുകൾ അടുത്ത മാസം നിലവിൽ വരുമ്പോൾ ജില്ലാ സ്പോർട്സ് കൗൺസിലുകൾക്ക് ഉത്തരവാദിത്തം വർദ്ധിക്കും. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻറിങ്ങ് കമ്മിറ്റി അംഗംങ്ങൾക്ക് ഓരോ ജില്ലയുടെ വീതം ചുമതല നൽകും. ജില്ലാ കൗൺസിലിൻറെ പ്രവർത്തനങ്ങളുടെ അവലോകനത്തിനായി എല്ലാ മാസവും യോഗം ചേരും.

ജില്ലകളിലെ കളിക്കളങ്ങളുടെ സംരക്ഷണത്തിലും കായിക മേഖലയിലെ പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും അതത് ജില്ലാ സ്പോർട്സ് കൗൺസിലുകൾ സജീവമായി ഇടപെടണം. സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്കുള്ള പോഷകാഹാര വിതരണത്തിന് കേന്ദ്രീകൃത സംവിധാനം കൊണ്ടുവരും.

കായിക അസോസിയേഷനുകളുടെ ജില്ലാതല ഘടകങ്ങളുടെ പ്രവർത്തനം കൃത്യമായി ജില്ലാ സ്പോർട്സ് കൗൺസിലുകൾ വിലയിരുത്തണം. നിർജ്ജീവമായ അസോസിയേഷനുകളെ സജീവമാക്കാൻ ഇടപെടണം എന്നും മന്ത്രി പറഞ്ഞു.

പ്ലാനിങ് ബോർഡ് അംഗം സന്തോഷ് ജോർജ്ജ് കുളങ്ങരയും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് സ്പോർട്സ് കൂടുതൽ ജനകീയമാക്കണമെന്നും എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിൽ കായികമേഖല വളരണമെന്നും അദ്ദേഹം പറഞ്ഞു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സിക്കുട്ടൻ, വൈസ് പ്രസിഡൻറ് ഒ.കെ.വിനീഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം എം.ആർ.രഞ്ജിത്ത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News