സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 141 റൺസ് ആണ് നേടിയത്.

44 റൺസെടുത്ത ജേസൻ റോയ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 31 റൺസെടുത്തു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാനിയൽ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

യുവതാരം അഭിഷേക് ശർമ്മയാണ് ജേസൻ റോയ്ക്കൊപ്പം ഹൈദരാബാദ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ചില മികച്ച ഷോട്ടുകളുമായി അഭിഷേക് (13) പ്രതീക്ഷ നൽകിയെങ്കിലും ജോർജ് ഗാർട്ടണിൻ്റെ പന്തിൽ ഗ്ലെൻ മാക്സ്‌വൽ പിടിച്ച് താരം പുറത്തായി.

രണ്ടാം വിക്കറ്റിൽ ജേസൻ റോയും കെയിൻ വില്ല്യംസണും ചേർന്ന കൂട്ടുകെട്ട് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. അബുദാബിയിലെ പിച്ചിൽ തകർത്തെറിഞ്ഞ ബാംഗ്ലൂർ ബൗളർമാർ കെട്ടുപൊട്ടിച്ചോടാൻ ഇരുവരെയും അനുവദിച്ചില്ല.

70 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഹർഷൽ പട്ടേലാണ് പൊളിച്ചത്. 31 റൺസെടുത്ത വില്ല്യംസണെ ഹർഷൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.വില്ല്യംസൺ പുറത്തായതോടെ സൺറൈസേഴ്സ് തകർച്ച ആരംഭിച്ചു.

പ്രിയം ഗാർഗ് (15), സൺറൈസേഴ്സ് ഇന്നിംഗ്സ് ടോപ്പ് സ്കോറർ ജേസൻ റോയ് (44) എന്നിവർരെ ഒരു ഓവറിൽ മടക്കി അയച്ച ഡാനിയ ക്രിസ്റ്റ്യൻ ആർസിബിക്ക് മുൻതൂക്കം നൽകി. അബ്ദുൽ സമദ് (1) നിരാശപ്പെടുത്തിയപ്പോൾ വൃദ്ധിമാൻ സാഹ (10) വേഗം മടങ്ങി. യഥാക്രമം ചഹാലിനും ഹർഷലിനുമായിരുന്നു വിക്കറ്റുകൾ.

അവസാന ഓവറുകളിൽ റാഷിദ് ഖാനും ജേസൻ ഹോൾഡറും സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഗംഭീരമായി പന്തെറിഞ്ഞ ബാംഗ്ലൂർ ബൗളർമാർ ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു. അവസാന പന്തിൽ ജേസൻ ഹോൾഡറെ (16) ഹർഷൽ പട്ടേൽ പുറത്താക്കി. റാഷിദ് ഖാൻ (7) പുറത്താവാതെ നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News