കിന്‍ഫ്ര പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാത്ത ഭൂമി ഏറ്റെടുക്കും

കിൻഫ്ര പാലക്കാട് ജില്ലയിൽ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിനു പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കർ ഭൂമി തിരികെ ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സേവന നികുതിയായ 2.13 കോടി രൂപയും ഭൂമി അനുവദിച്ചതു മുതൽ ലീസ് പ്രീമിയം അടയ്ക്കുന്നതിന്റെ കാലതാമത്തിനുള്ള പലിശ ചേർത്തുള്ള 7.07 കോടി രൂപയും ഇളവു ചെയ്ത് ലീസ് പ്രീമിയം തുകയും 10 ശതമാനം വാർഷിക പലിശയും ഉൾപ്പെടെ 27.59 കോടി രൂപയ്‌ക്ക്‌ ഏറ്റെടുക്കാൻ കിൻഫ്ര മാനേജിംഗ് ഡയറക്‌ടർക്ക് അനുമതി നൽകി.

മറ്റ്‌ തീരുമാനങ്ങൾ:

കാലാവധി ദീർഘിപ്പിച്ചു

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 28.09.2021 മുതൽ ആറു മാസത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകും.

ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ

സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ്ങിനിടെ അപകടമരണം സംഭവിച്ച എറണാകുളം, പെരുമ്പാവൂർ, കണ്ണമ്പിള്ളി സുന്ദരി അറുമുഖത്തിന്റെ മകൻ ജ്യോതിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും. സ്വീവറേജ് ജോലികളിൽ ഏർപ്പെടവെ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.

ജില്ലകളിൽ പ്രൊജക്‌ട് മാനേജ്‌മെന്റ് യൂണിറ്റുകൾ

കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ടിന് 14 ജില്ലകളിൽ ജില്ലാ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റുകൾ രൂപീകരിക്കുന്നതിന് അനുമതി നൽകി. 93 നഗര തദ്ദേശ സ്ഥാപനങ്ങളിൽ പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളും സ്റ്റേറ്റ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ പ്രൊജക്ട് ഹെഡ് (ഐ ടി), പ്രൊജക്ട് ഹെഡ് (ഇൻഫ്രാസ്ട്രക്ച്ചർ) എന്നീ തസ്തികകളും അനുവദിക്കും.

നിയമനം

കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി തമിഴ്‌നാട് കേഡറിൽ സേവനം അനുഷ്ഠിക്കവെ സ്വയം വിരമിച്ച സന്തോഷ് ബാബു ഐ എ എസിനെ നിയമിക്കാൻ തീരുമാനിച്ചു.

ബസ് സ്റ്റാന്റ് നിർമ്മാണത്തിന് ഒരു ഹെക്‌ട‌ർ ഭൂമി

ഹോസ്ദുർഗ് താലൂക്കിൽ ചീമേനി ഗ്രാമപഞ്ചായത്തിന് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് ഒരു ഹെക്ടർ ഭൂമി നൽകും. പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള പ്ലാന്റിംഗ് ആവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുത്ത് ആർ ഒന്നിന് നൂറു രൂപ എന്ന സൗജന്യ നിരക്കിൽ വാർഷിക പാട്ടത്തിന് 30 വർഷത്തേയ്ക്ക് നിബന്ധനകളോടെയാണ് നൽകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News