ജനകീയ ഹോട്ടലുകളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കരുത്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്‌ത്തികാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍. ഇന്നലെ മനോരമ ന്യൂസ് ജനകീയ ഹോട്ടലുകൾക്കെതിരായി പ്രക്ഷേപണം ചെയ്‌ത‌‌ വാർത്തയുടെ പൊള്ളത്തരം തുറന്നുകാട്ടി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ മന്ത്രി കുടുംബശ്രീയേയും ജനകീയ ഹോട്ടലുകളെയും തകർക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ചു.

ജനകീയ ഹോട്ടലുകൾ പ്രവത്തിക്കുമ്പോൾ ഒരുപാട് കുടുംബങ്ങൾ പുലരുന്നുണ്ടെന്നും മായം ചേർക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാർക്ക് കുറഞ്ഞ ചിലവിൽ കഴിക്കാൻ സാധിക്കുന്നുണ്ടെന്നും വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതൽ അർത്ഥവത്താക്കാനും ജനകീയ ഹോട്ടൽ സംരംഭത്തെ കൂടുതൽ മികവുറ്റതാക്കി മാറ്റാനും കൈകൾ കോർക്കാമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജീവൻ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളാണ്. അവരെ ശാക്തീകരിക്കാനും ദാരിദ്ര്യാവസ്ഥയിൽ നിന്ന് മോചിപ്പിക്കാനും അവരുടെ പദവി ഉയർത്താനും കുടുംബശ്രീയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗുണപ്പെടുന്നുണ്ട്. കേരളത്തിലെ ഈ വനിതാ മുന്നേറ്റത്തെ പകർത്താൻ മറ്റ് രാജ്യങ്ങളും സംസ്ഥാനങ്ങളും ഇവിടേക്ക് വരാറുമുണ്ട്. മികവുകളുടെ സ്ത്രീപർവ്വം എന്നുതന്നെയാണ് കുടുംബശ്രീയെ വിശേഷിപ്പിക്കേണ്ടതെന്ന് ഗോവിന്ദൻ മാസ്റ്റർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മനോരമ ന്യൂസിന്റെ വാർത്തയിൽ കുറ്റപ്പെടുത്തുന്ന ‘രുചിക്കൂട്ട്’ എന്ന ജനകീയ ഹോട്ടൽ 2018 മുതൽ കോഴിക്കോട്ടെ ജില്ലാ വെറ്റിനറി ഹോസ്പിറ്റൽ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നതാണ്. നാല് സംരംഭകർ ഉൾപ്പെടെ പന്ത്രണ്ട് വനിതകളുടെ ജീവിത മാർഗം കൂടിയാണ് ആ ഹോട്ടൽ. കോഴിക്കോട് കോർപ്പറേഷന്റെ സെൻട്രൽ സി ഡി എസിൽ രജിസ്റ്റർ ചെയ്ത സംരംഭമാണത്. 2020 മുതലാണ് ജനകീയ ഹോട്ടലായത്. തെരുവിൽ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന ഉദയം പദ്ധതിയുടെ താൽക്കാലിക ഷെൽട്ടറിലും കോവിഡ് പ്രതിരോധത്തിനായി സജ്ജമാക്കിയ സി എഫ് എൽ സി ടികളിലും ഈ ഹോട്ടലിൽ നിന്ന് മുടങ്ങാതെ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.

കോഴിക്കോട് ജില്ലയിൽ 104 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമങ്ങളിൽ 75 എണ്ണവും നഗരപ്രദേശത്ത് 29 എണ്ണവും. കോർപ്പറേഷൻ പ്രദേശത്ത് 14 ജനകീയ ഹോട്ടലുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം 25000 മുതൽ 27000 വരെ ഊണുകളാണ് ഇവിടങ്ങളിലൂടെ നൽകുന്നത്. സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾക്ക് വൃത്തിയുടെയും പ്രവർത്തന മികവിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് സ്റ്റാറ്റസ് നൽകി കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമം കുടുംബശ്രീ നടത്തുന്നുണ്ട്. മറ്റൊരു ഹോട്ടൽ ശൃംഖലയും ഈ വിധത്തിൽ സ്വയംവിമർശനാത്മകമായി പരിശോധിക്കുകയോ, കൂടുതൽ മെച്ചപ്പെടാൻ പരിശ്രമിക്കുകയോ ചെയ്യുന്നില്ലെന്നും ഗോവിന്ദൻ മാസ്റ്റർ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News