വയനാട് ബിജെപിയില്‍ കൂട്ടരാജി; പുതിയ ജില്ലാ പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിച്ചെന്ന് ആരോപിച്ചാണ് രാജി

വയനാട് ബി ജെ പിയില്‍ പൊട്ടിത്തെറി. മഹിളാമോര്‍ച്ച ജില്ലാക്കമ്മറ്റിയും ബിജെപി നിയമസഭാമണ്ഡലം കമ്മറ്റിയും രാജിവെച്ചു.നിയമസഭാ തെരെഞ്ഞെടുപ്പിലെ ഫണ്ട് തിരിമറിയിയിലും സ്ത്രീകളെ അപമാനിച്ചതിലും ആരോപണം നേരിടുന്നയാളെ ജില്ലാ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാവുമെന്നും അരോപണ വിധേയരെ നേതൃത്വം സംരക്ഷിക്കുകയാണെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.

ജില്ല ആസ്ഥാന മന്ദിര ഉദ്ഘാടന ദിവസം ബി ജെ പിയില്‍ നിലനിന്ന ഭിന്നത മറനീക്കി പൊട്ടിത്തെറിയിലേക്ക് നീങ്ങി. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പു മുതല്‍ ഇരു വിഭാഗമായി കലഹിച്ച ജില്ലാ നേതൃത്വത്തില്‍ നിന്ന് കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുകയാണ്. കെ സുരേന്ദ്രനെതിരെ ബത്തേരി കോഴ വിവാദത്തില്‍ മൊഴി നല്‍കിയ ജില്ലാ പ്രസിഡന്റ് സജി ശങ്കറെ സ്ഥാനത്തുനിന്ന് നീക്കി കെ പി മധുവിനെ നിയോഗിച്ചത് പ്രതികാര നടപടിയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കെ ബി മദന്‍ലാലിനെ പുനസംഘടനയില്‍ ഒഴിവാക്കിയതും പ്രതിഷേധത്തിന് കാരണമായി. 13 അംഗ നിയോജക മണ്ഡലം കമ്മറ്റിക്ക് പുറമേ ഏഴ് പഞ്ചായത്ത് കമ്മറ്റികളും നേതൃത്വത്തിന്റെ നിലപാടിനെ എതിര്‍ക്കുന്നു.

മറ്റ് നിയോജകമണ്ഡലം കമ്മറ്റികളും പരസ്യ പ്രതികരണത്തിലേക്ക് നീങ്ങുന്നത് ബി ജെ പിയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വനിതകളെ ഒഴിവാക്കിയതിലും അപമാനിച്ചതിലും പ്രതിഷേധിച്ചാണ് വനിതാമോര്‍ച്ചയുടെ രാജി. പ്രസിഡന്റ് ലളിത വിത്സണ്‍ ഉള്‍പ്പെടെ ഒന്‍പതംഗ ജില്ലാ കമ്മറ്റിയാണ് രാജിവെച്ചത്.

മൂന്നരക്കോടിരൂപ നിയമസഭാതെരെഞ്ഞെടുപ്പില്‍ ബിജെപി ബത്തേരിയില്‍ എത്തിച്ചെന്നും വന്‍ തട്ടിപ്പ് ചില നേതാക്കള്‍ ഇതില്‍ നടത്തിയെന്നും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. ചില നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതികളില്‍ നിലവിലെ പ്രസിഡന്റിനുമെതിരെ ആരോപണമുണ്ടായിരുന്നു. സി കെ ജാനുവിന് കോഴനല്‍കിയ സംഭവത്തിലും നേതാക്കള്‍ക്കെതിരെ നടപടിയാവശ്യമുണ്ടായി. എന്നാല്‍ ഇതിലെല്ലാം നേതൃത്വം ആരോപണവിധേയരെ സംരക്ഷിക്കുകയായിരുന്നെന്ന് പുറത്തുപോയവര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News