‘ദില്ലി യൂണിവേഴ്സിറ്റിയിൽ നടക്കുന്നത് മാർക്ക് ജിഹാദ്’ മലയാളികൾക്കെതിരെ വിവാദ പരാമർശവുമായി പ്രൊഫ.രാകേഷ് കുമാർ

കേരളത്തിൽ നിന്ന് സർവകലാശാലകളിൽ എത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ആക്ഷേപവുമായി ദില്ലി സർവകലാശാല പൊഫസർ. കേരളത്തിലെ വിദ്യാർത്ഥിക്ക് ഇം​ഗ്ലീഷും ഹിന്ദിയും അറിയില്ലെന്നും മാർക്ക് ജിഹാദാണെന്നാണ് പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ ആരോപിച്ചു. ഇടതുപക്ഷ കേന്ദ്രമായി അറിയപ്പെടുന്ന കേരളം എല്ലാ കുട്ടികൾക്കും ആവശ്യത്തിലധികം മാർക്ക് നൽകി ദില്ലി യൂണിവേഴ്സിറ്റിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് രാകേഷ് കുമാർ ആരോപിക്കുന്നു.

‍ദില്ലി സർവകലാശാലയിലേക്ക് ബിരുദതല പ്രവേശനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അധ്യാപകന്റെ പരാമർശം. സർവ്വകലാശാലക്ക് കീഴിലുള്ള ഹിന്ദു കോളേജിൽ ബിഎ ഓണേഴ്സ് പൊളിറ്റിക്കൽ സയൻസ് പ്രോ​ഗ്രാമിലേക്ക് തിങ്കളാഴ്ച ലഭിച്ചത് 100 ലധികം അപേക്ഷകളാണ്. ഇവരിൽ മികച്ച സ്കോർ നേടിയവരിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകന്റെ അവഹേളനം.

അധ്യാപകനെതിരെ പ്രതിഷേധം വ്യാപകമായെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് രാകേഷ് കുമാർ തുറന്നടിച്ചു. തന്റെ പരാമർശം വിവാദമായെങ്കിലും മാപ്പ് പറയില്ലെന്നാണ് അധ്യാപകന്റെ നിലപാട്. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കിരൊരി കോളജിലെ ഫിസിക്‌സ് പ്രൊഫസറാണ് രാകേഷ് കുമാർ പാണ്ഡെ. ആർ.എസ്.എസുമായി ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുൻ പ്രസിഡന്റ് കൂടിയാണ്.

അതേസമയം വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രം​ഗത്തെത്തി. അധ്യാപകന്റെ പ്രസ്താവന അപലപനീയമാണെന്ന് എസ്എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പ്രതികരിച്ചു. കേരളത്തെ തീവ്രവാദ കേന്ദ്രമെന്ന്‌ വരുത്തിത്തീർക്കാനുള്ള സംഘ്‌പരിവാർ ശ്രമത്തിൻറെ ഭാഗമാണ്​ പ്രൊഫ. രാകേഷ്‌ കുമാർ പാണ്ഡെയുടെ വിവാദ പരാമർശമെന്ന് വി.പി സാനു പറഞ്ഞു.

കേരളത്തിൽ നിന്നും എന്തുവന്നാലും അത് ജിഹാദാണെന്ന് എന്ന നിലയ്ക്ക് കേരളത്തെ ഒരു തീവ്രവാദ കേന്ദ്രമാക്കി , മത തീവ്രവാദത്തിന്റെ ആലയമാക്കി മുദ്ര കുത്താൻ സംഘ്‌പരിവാറിന്റെ ഭാഗത്ത് നിന്നും വലിയ ശ്രമങ്ങൾ നടക്കുന്നുവെന്നും ഇതിനെതിരെ ശക്തമായി അപലപിക്കുന്നുവെന്നും വി.പി സാനു വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here