ഹോം ഇനി ബോളിവുഡിലേക്കും; സന്തോഷ വാര്‍ത്തയുമായി വിജയ് ബാബു

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ഇനി ബോളിവുഡ് പ്രേക്ഷകരിലേക്ക്. അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റാണ് ഹോം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.

അങ്കമാലി ഡയറീസിന് ശേഷം വീണ്ടും അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഹോമിന്റെ നിര്‍മാതാവ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

’21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മുംബൈയില്‍ എന്റെ കരിയര്‍ തുടങ്ങുമ്പോള്‍ മുംബൈ ടൈംസിന്റെ ഫ്രണ്ട് പേജില്‍ എന്നെ കുറിച്ച് ഫീച്ചര്‍ വരുന്നത് സ്വപ്നം കണ്ടിരുന്നു. ഒപ്പം ബോളിവുഡ് സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. ഹോം ആ സ്വപ്നങ്ങള്‍ സത്യമാക്കിയിരിക്കുകയാണ്. എന്റെ ഈ യാത്രയില്‍ ഭാഗമായ എല്ലാവരെയും ഞാന്‍ ഈ സമയത്ത് ഓര്‍ക്കുകയാണ്. ജീവിതത്തിലെ ഉയര്‍ച്ചകളും താഴ്ച്ചകളും എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. അങ്കമാലി ഡയറീസിന് ശേഷം വീണ്ടും അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഹിന്ദി റീമേക്കിലൂടെ ഹോം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയാണുള്ളത്.’ – വിജയ് ബാബു

ഹോം എന്ന വളരെ പ്രസക്തവും മനോഹരവുമായി സിനിമ റീമേക്ക് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റ് സിഇഓ വിക്രം മല്‍ഹോത്ര പറഞ്ഞു. ഇന്നത്തെ സമൂഹത്തില്‍ വളരെ പ്രസ്‌കതമായ കഥയാണ് ഹോം പറയുന്നത്. അങ്കമാലി ഡയറീസിന് ശേഷം വീണ്ടും ഫ്രൈഡേ ഫിലിം ഹൗസുമായി സിനിമ ചെയ്യാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തിയ ഹോമില്‍ മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, വിജയ് ബാബു, നസ്‌ലന്‍, ശ്രീകാന്ത് മുരളി, കൈനകരി തങ്കരാജ്, ദീപ തോമസ്, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News