ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതി കുഞ്ഞിന് ജന്മം നല്‍കി

ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എയര്‍ ഇന്ത്യാവിമാനത്തില്‍വെച്ച് പ്രസവിച്ചത്. യുവതിയെയും കുഞ്ഞിനെയും ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയിലെത്തിക്കാനായി ജര്‍മ്മനിയിലേക്ക് വ‍ഴിതിരിച്ച് വിട്ട വിമാനം 6 മണിക്കൂര്‍ വൈകി കൊച്ചിയിലെത്തി.

ചൊവ്വാ‍ഴ്ച്ച രാത്രി ലണ്ടനില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം.അത്താ‍ഴം ക‍ഴിഞ്ഞ് അല്‍പ്പസമയത്തിനകം യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു.കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെ കണ്ടെത്തി.കൊച്ചിയിലേക്കുള്ള യാത്രക്കാരായ നാല് ന‍ഴ്സുമാരും യുവതിക്ക് സഹായവുമായെത്തി.

വിമാനത്തില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം താല്‍ക്കാലിക പ്രസവമുറിയാക്കി.വിമാനത്തിലെ തലയിണകളും തുണികളുമുപയോഗിച്ച് പ്രസവമുറി സജ്ജമാക്കി. അങ്ങനെ പത്തനം തിട്ട സ്വദേശിനി മരിയ ഫിലിപ്പ് ആകാശത്ത് വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി.ഫസ്റ്റ് എയ് ഡ് കിറ്റും ഫിസിഷ്യന്‍ കിറ്റുമാണ് അടിയന്തിര ഘട്ടത്തില്‍ ആശ്രയമായത്. ഗര്‍ഭണിയായി ഏ‍ഴാം മാസത്തിലായിരുന്നു പ്രസവം.

അമ്മയ്ക്കും കുഞ്ഞിനും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെങ്കിലും ഇരുവര്‍ക്കും മൂന്ന് മണിക്കൂറിനകം വൈദ്യസഹായം ആവശ്യമാണെന്ന് വിമാനത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.വിമാനമപ്പോള്‍ കരിങ്കടലിനു കുറുകെ ബള്‍ഗേറിയന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു.

പൈലറ്റും ഫസ്റ്റ് ഓഫീസറും ഉള്‍പ്പടെയുള്ള ജീവനക്കാര്‍ എയര്‍ഇന്ത്യയുടെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് പ്രത്യേക അനുമതി വാങ്ങി   വിമാനം രണ്ട് മണിക്കൂറിനുള്ളില്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലിറക്കി.

യുവതിയെയും കുഞ്ഞിനെയും ബന്ധുവിനെയും ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയിലെത്തിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയ ശേഷം വിമാനം തിരിച്ച് കൊച്ചിക്ക് പുറപ്പെട്ടു.അങ്ങനെ പുലര്‍ച്ചെ മൂന്നേമുക്കാലിനെത്തേണ്ട വിമാനം വലിയ ദൗദ്യം പൂര്‍ത്തിയാക്കി ആറ് മണിക്കൂറിനു ശേഷം നെടുമ്പാശ്ശേരിയിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News