‘മാർക്​ ജിഹാദ്‌’ പരാമർശം; കേരളത്തെ തീവ്രവാദ കേന്ദ്രമെന്ന്‌ മുദ്രകുത്താൻ സംഘ്‌പരിവാർ ശ്രമമെന്ന് വിപി സാനു

കേരളത്തിൽ ‘മാർക്​ ജിഹാദ്‌’ നടത്തുന്നുവെന്ന ഡൽഹി സർവകലാശാല പ്രൊഫസറുടെ വിവാദ പരാമർശത്തിനെതിരെ എസ്​എഫ്​ഐ അഖിലേന്ത്യ പ്രസിഡന്‍റ്​ വിപി സാനു.

കേരളത്തെ തീവ്രവാദ കേന്ദ്രമെന്ന്‌ വരുത്തിത്തീർക്കാനുള്ള സംഘ്‌പരിവാർ ശ്രമത്തിന്‍റെ ഭാഗമാണ്​ പ്രൊഫ. രാകേഷ്‌ കുമാർ പാണ്ഡെയുടെ വിവാദ പരാമർശമെന്ന് വി പി സാനു പറഞ്ഞു.

കേരളത്തിൽ നിന്നും എന്തുവന്നാലും അത് ജിഹാദാണെന്ന് എന്ന നിലയ്ക്ക് കേരളത്തെ ഒരു തീവ്രവാദ കേന്ദ്രമാക്കി , മത തീവ്രവാദത്തിന്റെ ആലയമാക്കി മുദ്രകുത്താൻ സംഘ്‌പരിവാറിന്റെ ഭാഗത്ത് നിന്നും വലിയശ്രമങ്ങൾ നടക്കുന്നുവെന്നും ഇതിനെതിരെ ശക്തമായി അപലപിക്കുന്നുവെന്നും വി പി സാനു വ്യക്തമാക്കി.

അതേസമയം, ആർഎസ്എസ് ബന്ധമുള്ള അധ്യാപക സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയാണ്​ വിദ്വേഷ പ്രസ്​താവന നടത്തിയ രാകേഷ്‌ കുമാർ പാണ്ഡെ. മറ്റ്‌ വിദ്യാർഥികൾക്ക്‌ അവസരം കുറയ്‌ക്കുന്നു എന്ന്​ വരുത്തിത്തീർത്ത്​ മലയാളി വിദ്യാർഥികളെ ഡൽഹി സർവകലാശാലയിൽനിന്ന്​ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള വിവാദ പരാമർശമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസരംഗത്ത്‌ മലയാളികൾ നേടിയെടുത്ത നേട്ടങ്ങളെ അവഹേളിക്കുന്നതാണ്‌ പ്രസ്‌താവന. ഇത്തവണ ഡൽഹി വാഴ്‌സിറ്റിയിലെ ഉയർന്ന കട്ട്‌ ഓഫ്‌ മാർക്കിലും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക്‌ അഡ്‌മിഷൻ ലഭിച്ചിരുന്നു. ഇതാണ്‌ പ്രഫസറെ ചൊടിപ്പിച്ചത്‌. പ്രവേശനത്തിന്​ അപേക്ഷിച്ച 2,50,000 പേരിൽ കേരളത്തിലെ 4,824 വിദ്യാർഥികളാണുള്ളത്​. ലൗ ജിഹാദിന്‌ സമാനമായ രീതിയിൽ മാർക്‌ ജിഹാദും കേരളത്തിൽ ഉണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു പ്രൊഫസറുടെ ട്വീറ്റ്‌.

‘കേരളം ഇടതുപക്ഷ ഹബ്ബായാണ് അറിയപ്പെടുന്നത്. ജെ.എന്‍.യു അവരുടെ നിയന്ത്രണത്തിലാണ്. പക്ഷെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയെ അവര്‍ക്ക് കൈപ്പിടിയിലാക്കാനായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കെത്താന്‍ എളുപ്പമാണെന്ന് അവര്‍ക്കറിയാം. അവരത് ചെയ്യുന്നതിന് എന്തെങ്കിലും കാരണമുണ്ടാവും’ -എന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനു പിന്നാലെ രാകേഷ് പാണ്ഡെ പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here