ഇന്ത്യയില്‍ സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ പ്രചരണങ്ങള്‍ക്ക് കൂട്ടുനിന്നു; ഫെയ്സ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രൊഡക്ട് മാനേജര്‍

ഫെയ്‌സ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഫെയ്‌സ്ബുക്ക് പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സെസ് ഹൗഗെന്‍.ഇന്ത്യയില്‍ മുസ്ലീം വിരുദ്ധ പ്രചരണങ്ങള്‍ക്ക് കൂട്ടുനിന്നെന്ന് ഹൗഗെന്‍ അമേരിക്കന്‍ സെക്യൂരിറ്റി കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

നോണ്‍ പ്രോഫിറ്റ് നിയമ സംഘടനയായ ‘വിസില്‍ബ്ലോവര്‍ എയ്ഡ്’ ആണ് ഹൗഗെനെ പ്രതിനിധീകരിച്ച് പരാതി നല്‍കിയിരിക്കുന്നത്. വാഷിങ്ടണിലെ യു.എസ് സെനറ്റര്‍മാര്‍ക്ക് മുമ്പിലും
ഹൗഗെന്‍ മൊഴി നല്‍കും.

വംശീയമായുള്ള അധിക്ഷേപങ്ങളും ആക്രമണവും വിഭജന ആശയങ്ങളും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളെ ഫെയ്സ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഹൗഗെന്‍ പറഞ്ഞു. മുസ്ലിങ്ങളെ നായ്ക്കളോടും പന്നികളോടും ഉപമിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും ഖുറാനെ ഉദ്ധരിച്ചുള്ള വ്യാജ പ്രചരണങ്ങളും ഈ കൂട്ടത്തില്‍പ്പെടുന്നുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേൃത്വത്തിലാണ് ഇത്തരത്തിലുള്ള മുസ്ലിം വിരുദ്ധ പ്രചരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ വര്‍ഗീയമായി ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന ഇത്തരം ഉള്ളടക്കങ്ങള്‍ ഫെയ്സ്ബുക്ക് നിയന്ത്രിക്കുന്നില്ലെന്നും ഹൗഗെന്‍ പറഞ്ഞു. ഇന്ത്യയില്‍ തീവ്ര വലത് ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള പ്രചരണങ്ങളെ ഇതിന് ഉദാഹരണമായി പരാതിയില്‍ പറയുന്നു.

സംഘപരിവാര്‍ അനുകൂല വ്യക്തികളുടെയും സംഘടനകളുടെയും പ്രൊഫൈലിലൂടെ ഇന്ത്യയില്‍ നടക്കുന്ന മുസ്ലിം വിരുദ്ധ പ്രചരണങ്ങള്‍ ഫെയ്സ്ബുക്കിന്റെ അറിവോടെയും പിന്തുണയോടെയുമാണെന്ന് ഹൗഗെന്‍ ആരോപിച്ചു.

ഫെയ്‌സ്ബുക്ക് കുട്ടികളെ മോശമായി ബാധിക്കുന്നുവെന്നും ഫെയ്‌സ്ബുക്കിന് സാമ്പത്തിക ലാഭം മാത്രമാണ് വലുതെന്നും അവര്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്കിന്റെ പല ആഭ്യന്തര രേഖകളും വാള്‍ സ്ട്രീറ്റ് ജേണലിന് കൈമാറിയിട്ടുണ്ടെന്നും ഫേസ്ബുക്ക് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും അവര്‍ ഹിയറിങില്‍ വിമര്‍ശിച്ചു.

അമേരിക്കന്‍ നിയമനിര്‍മാണ സഭ സ്ഥിതിചെയ്യുന്ന കാപ്പിറ്റോള്‍ ഹില്ലില്‍ ചൊവ്വാഴ്ച നടന്ന ഹിയറിങിനിടെയായിരുന്നു ഹൗഗെന്‍ ഫെയ്‌സ്ബുക്കിനെതിരെ സംസാരിച്ചത്.

”ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും എങ്ങനെയാണ് സുരക്ഷിതമാക്കേണ്ടതെന്ന് കമ്പനിക്ക് കൃത്യമായറിയാം. എന്നാല്‍ അതിന് വേണ്ട മാറ്റങ്ങള്‍ അവര്‍ വരുത്തുന്നില്ല. കാരണം അവര്‍ സാമ്പത്തിക ലാഭമാണ് നോക്കുന്നത്,” എല്ലാ തരം നിയന്ത്രണത്തിനുള്ള അധികാരവുമുണ്ടെങ്കിലും മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒന്നും ചെയ്യുന്നില്ല”.

”എന്തുകൊണ്ടാണ് ഫെയ്സ്ബുക്ക് സേവനങ്ങള്‍ കുറച്ച് സമയത്തേക്ക് നിന്നുപോയതെന്ന് എനിക്കറിയില്ല. എങ്കിലും ആ കുറച്ച് സമയത്തേക്കെങ്കിലും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനും ചെറുപ്പക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സ്വന്തം ശരീരത്തെ പറ്റി അപകര്‍ഷതാബോധം വളരാനും ഫേസ്ബുക്ക് കാരണമായില്ലല്ലോ എന്ന സമാധാനമുണ്ട്” അവര്‍ പറഞ്ഞു.

ഒരു പഠനത്തില്‍ പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ ഫെയ്‌സ്ബുക്ക് ബാധിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതോടെ പോളിസികളിലും റെഗുലേഷന്‍ നിയമങ്ങളിലും മാറ്റം വരുത്താന്‍ ഫെയ്‌സ്ബുക്കിന് മേലുള്ള സമ്മര്‍ദം ശക്തിമാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News