വയനാട്‌ ബി ജെ പിയിൽ പൊട്ടിത്തെറി; പാര്‍ട്ടിയില്‍ കൂട്ടരാജി

വയനാട്‌ ബി ജെ പിയിൽ പൊട്ടിത്തെറി. മഹിളാമോർച്ച ജില്ലാക്കമ്മറ്റിയും ബിജെപി നിയമസഭാമണ്ഡലം കമ്മറ്റിയും രാജിവെച്ചു. നിയമസഭാ തെരെഞ്ഞെടുപ്പിലെ ഫണ്ട്‌ തിരിമറിയിയിലും സ്ത്രീകളെ അപമാനിച്ചതിലും നടപടിയെടുക്കത്തതിലാണ്‌ കൂട്ടരാജി. കേന്ദ്രമന്ദ്രി വി മുരളീധരൻ പങ്കെടുത്ത ജില്ലാ ഓഫീസ്‌ ഉദ്ഘാടനവും ഒരുവിഭാഗം ബഹിഷ്ക്കരിച്ചു. ചടങ്ങിൽ പങ്കെടുക്കേണ്ട സി കെ പത്മനാഭനും മാറിനിന്നു.

ജില്ല ആസ്ഥാന മന്ദിര ഉദ്ഘാടന ദിവസം ബി ജെ പിയിൽ നിലനിന്ന ഭിന്നത മറനീക്കി പൊട്ടിത്തെറിയിലേക്ക്‌ നീങ്ങി. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പുമുതൽ ഇരു വിഭാഗമായി കലഹിച്ച ജില്ലാ നേതൃത്വത്തിൽ നിന്ന് കൂടുതൽ പേർ പാർട്ടിവിടുകയാണ്‌.കെ സുരേന്ദ്രനെതിരെ ബത്തേരി കോഴ വിവാദത്തിൽ മൊഴി നൽകിയ ജില്ലാ പ്രസിഡന്റ്‌ സജി ശങ്കറെ സ്ഥാനത്തുനിന്ന് നീക്കി കെ പി മധുവിനെ നിയോഗിച്ചത്‌ പ്രതികാര നടപടിയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പരിഗണിച്ചിരുന്ന കെ ബി മദൻലാലിനെ പുനസംഘടനയിൽ ഒഴിവാക്കിയതും പ്രതിഷേധത്തിന്‌ കാരണമായി.13 അംഗ നിയോജക മണ്ഡലം കമ്മറ്റിക്ക്‌ പുറമേ ഏഴ്‌ പഞ്ചായത്ത്‌ കമ്മറ്റികളും നേതൃത്വത്തിന്റെ നിലപാടിനെ എതിർക്കുന്നു.
മറ്റ്‌ നിയോജകമണ്ഡലം കമ്മറ്റികളും പരസ്യ പ്രതികരണത്തിലേക്ക്‌ നീങ്ങുന്നത്‌ ബി ജെ പിയിൽ കടുത്ത പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

നാല്‌ ജില്ലാ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെയാണ്‌ ഇന്ന് രാജിവെച്ചത്‌.തെരെഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിൽ നിന്ന് വനിതകളെ ഒഴിവാക്കിയതിലും അപമാനിച്ചതിലും പ്രതിഷേധിച്ചാണ്‌ വനിതാമോർച്ചയുടെ രാജി.പ്രസിഡന്റ്‌ ലളിത വിത്സൺ ഉൾപ്പെടെ ഒൻപതംഗ ജില്ലാ കമ്മറ്റിയാണ്‌ രാജിവെച്ചത്‌.

മൂന്നരക്കോടിരൂപ നിയമസഭാതെരെഞ്ഞെടുപ്പിൽ ബിജെപി ബത്തേരിയിൽ എത്തിച്ചെന്നും വൻ തട്ടിപ്പ്‌ ചില നേതാക്കൾ ഇതിൽ നടത്തിയെന്നും നേരത്തേ ആക്ഷേപമുയർന്നിരുന്നു. നേതാക്കൾക്കെതിരെ നൽകിയ പരാതികളിൽ നിലവിലെ പ്രസിഡന്റിനുമെതിരെ ആരോപണമുണ്ടായിരുന്നു.

സി കെ ജാനുവിന്‌ കോഴനൽകിയ സംഭവത്തിലും നേതാക്കൾക്കെതിരെ നടപടിയാവശ്യമുണ്ടായി.എന്നാൽ ഇതിലെല്ലാം നേതൃത്വം ആരോപണവിധേയരെ സംരക്ഷിക്കുകയായിരുന്നെന്ന് പുറത്തുപോയവർ പറയുന്നു.

സംഘടനയിലെ കടുത്ത ഭിന്നത കൽപ്പറ്റയിൽ നടന്ന ജില്ലാ ഓഫീസ്‌ ഉദ്ഘാടനത്തിലും പ്രതിഫലിച്ചു.കൃഷ്ണദാസ്‌ പക്ഷം ചടങ്ങ്‌ ബഹിഷ്ക്കരിച്ചു.മഹിളാമോർച്ചയും ജില്ലാ കമ്മറ്റി അംഗങ്ങളുമുൾപ്പെടെ വിട്ടുനിന്നത്‌. വരും ദിവസങ്ങളിൽ കൂടുതൽ രാജികളുണ്ടാവുമെന്നതിന്റെ സൂചനയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here