ഒരു രൂപ പോലും എടുക്കാനില്ലാത്ത സാധാരണക്കാര്‍ക്ക് അത്താണിയായത് ജനകീയ ഹോട്ടലുകള്‍,’വിശപ്പുരഹിത കേരളം’അന്വര്‍ഥമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍: കൊച്ചി മേയര്‍

ഒരു രൂപ പോലും കയ്യില്‍ എടുക്കാനില്ലാത്ത സാധാരണക്കാര്‍ക്ക് അത്താണി ആയത് ജനകീയ ഹോട്ടലുകളാണെന്ന് കൊച്ചി മേയര്‍. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത നഗരം എന്ന ആശയത്തിന്റെ ഭാഗമായി 10 രൂപയ്ക്ക് ഊണ് നല്‍കുന്ന ജനകീയ ഹോട്ടല്‍ കൊച്ചിയില്‍ യാഥാര്‍ത്ഥ്യമായ സന്തോഷവാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കവെയാണ് മേയര്‍ എം അനില്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സമൃദ്ധി @ കൊച്ചി എന്ന് പേര് നല്‍കിയ പദ്ധതിയുടെ ഉദ്ഘാടനം നടി മഞ്ജു വാര്യര്‍ നിര്‍വ്വഹിച്ചു.

‘വിശപ്പുരഹിത കേരളം’ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ മഹാമാരിക്കാലത്താണ് ഇത്തരം ഒരു പദ്ധതിയുടെ പ്രാധാന്യം നമ്മള്‍ കൂടുതല്‍ അറിഞ്ഞത്. ലോക് ഡൗണ്‍ കാലത്ത് ഒരു ജോലിക്കും പോകാന്‍ സാധിക്കാത്തവര്‍ക്ക്, ഒരു രൂപ പോലും കയ്യില്‍ എടുക്കാനില്ലാത്ത സാധാരണക്കാര്‍ക്ക് അത്താണി ആയത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തുടങ്ങിയ സാമൂഹിക അടുക്കളകളും, ജനകീയ ഹോട്ടലുകളുമാണ് എന്ന് നമ്മള്‍ കണ്ടു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ നഗരസഭ പൊതുജനങ്ങളുടെ പിന്തുണയോടെ കോവിഡ് രണ്ടാം തരംഗ കാലഘട്ടത്തില്‍ ടിഡിഎം ഹാളില്‍ നടത്തിയ സാമൂഹിക അടുക്കള .51 ദിവസം 200014 ഭക്ഷണ പൊതികള്‍ നമുക്ക് ഈ അടുക്കള വഴി നല്‍കാന്‍ സാധിച്ചുവെന്നും മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആധുനിക രീതിയില്‍ തയ്യാറാക്കിയതാണ് ഇവിടത്തെ കേന്ദ്രീകൃത അടുക്കള . ഇതിനാവശ്യമായ 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ സി എസ് ആര്‍ ഫണ്ട് വഴിയാണ് ലഭ്യമാക്കിയത്. തുടര്‍ന്നും സിഎസ്ആര്‍ വഴിയും സ്‌പോണ്‍സര്‍ഷിപ്പ് വഴിയുമെല്ലാമാണ് നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നത്.

കേരളത്തിലെ ലക്ഷകണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളാണ് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജീവനാഡി. സ്ത്രീകളുടെ ശാക്തീകരണത്തിനും സാമ്പത്തികമായി അവരെ മുന്നോട്ടു കൊണ്ടുവരാനും, സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം ഉയര്‍ത്താനുമെല്ലാം കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യെ കുടുംബശ്രീയെ എല്ലാവരും അംഗീകരിക്കുന്നുണ്ട്.

നമ്മുടെ ജനകീയ ഹോട്ടലും നിലവില്‍ കോര്‍പ്പറേഷനിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളാണ് നടത്താനായി മുന്നോട്ട് വന്നത്. ഇവര്‍ക്കുള്ള പ്രത്യേക പരിശീലനവും നല്‍കി കഴിഞ്ഞുവെന്നും മേയര്‍ കുറിച്ചു.

കൊച്ചി മേയര്‍ എം അനില്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘വിശപ്പുരഹിത കേരളം’ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ മഹാമാരിക്കാലത്താണ് ഇത്തരം ഒരു പദ്ധതിയുടെ പ്രാധാന്യം നമ്മള്‍ കൂടുതല്‍ അറിഞ്ഞത്. ലോക് ഡൗണ്‍ കാലത്ത് ഒരു ജോലിക്കും പോകാന്‍ സാധിക്കാത്തവര്‍ക്ക്, ഒരു രൂപ പോലും കയ്യില്‍ എടുക്കാനില്ലാത്ത സാധാരണക്കാര്‍ക്ക് അത്താണി ആയത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തുടങ്ങിയ സാമൂഹിക അടുക്കളകളും, ജനകീയ ഹോട്ടലുകളുമാണ് എന്ന് നമ്മള്‍ കണ്ടു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ നഗരസഭ പൊതുജനങ്ങളുടെ പിന്തുണയോടെ കോവിഡ് രണ്ടാം തരംഗ കാലഘട്ടത്തില്‍ ടിഡിഎം ഹാളില്‍ നടത്തിയ സാമൂഹിക അടുക്കള .51 ദിവസം 200014 ഭക്ഷണ പൊതികള്‍ നമുക്ക് ഈ അടുക്കള വഴി നല്‍കാന്‍ സാധിച്ചു.

കേരളത്തില്‍ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരം ജനകീയ ഹോട്ടലുകള്‍ ഉണ്ട് . എന്നാല്‍ നമ്മുടെ നഗരസഭയില്‍ ഈ പദ്ദതി ഉദ്ദേശലക്ഷ്യത്തില്‍ എത്തുന്ന തരത്തില്‍ വ്യാപകമായിട്ടില്ല. അതുകൊണ്ടു തന്നെയാണ് നഗരസഭാ ബജറ്റില്‍ ഉള്‍പ്പെടുത്തിയ വിശപ്പുരഹിത കൊച്ചി എന്ന പദ്ദതിയുടെ ഭാഗമായി നഗരസഭ മുന്‍ കൈ എടുത്ത് ഇങ്ങനെയൊരു സംരംഭം ഇന്ന് മുതല്‍ ആരംഭിക്കുന്നത്.
നോര്‍ത്ത് പരമാര റോഡില്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക.

ആധുനിക രീതിയില്‍ തയ്യാറാക്കിയതാണ് ഇവിടത്തെ കേന്ദ്രീകൃത അടുക്കള . ഇതിനാവശ്യമായ 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ സി എസ് ആര്‍ ഫണ്ട് വഴിയാണ് ലഭ്യമാക്കിയത്. തുടര്‍ന്നും സിഎസ്ആര്‍ വഴിയും സ്‌പോണ്‍സര്‍ഷിപ്പ് വഴിയുമെല്ലാമാണ് നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നത്.
ഹോട്ടലിന്റെ രൂപ കല്‍പന നടത്തിയത് എസ്സിഎംഎസ് സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചറാണ്.

കേരളത്തിലെ ലക്ഷകണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളാണ് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജീവനാഡി. സ്ത്രീകളുടെ ശാക്തീകരണത്തിനും സാമ്പത്തികമായി അവരെ മുന്നോട്ടു കൊണ്ടുവരാനും, സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം ഉയര്‍ത്താനുമെല്ലാം കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യെ കുടുംബശ്രീയെ എല്ലാവരും അംഗീകരിക്കുന്നുണ്ട്.

നമ്മുടെ ജനകീയ ഹോട്ടലും നിലവില്‍ കോര്‍പ്പറേഷനിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളാണ് നടത്താനായി മുന്നോട്ട് വന്നത്. ഇവര്‍ക്കുള്ള പ്രത്യേക പരിശീലനവും നല്‍കി കഴിഞ്ഞു.
ചോറ്, സാമ്പാര്‍ , മറ്റു രണ്ട് കറികള്‍, അച്ചാര്‍ എന്നിവയാണ് 10 രൂപയുടെ ഊണില്‍ ഉണ്ടാവുക. പാര്‍സലിന് 15 രൂപ. മീന്‍ വറുത്തത് ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ വിഭവങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും. അടുത്ത മാസം മുതല്‍ 20 രൂപ നിരക്കില്‍ പ്രഭാത ഭക്ഷണവും അത്താഴവും ലഭ്യമാക്കും.
1500 പേര്‍ക്കുള്ള ഭക്ഷണമാണ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കുക. ഇത് പിന്നീട് 3000 പേര്‍ക്ക് നല്‍കാനാവുന്ന വിധത്തില്‍ വര്‍ദ്ധിപ്പിക്കും. നഗരത്തില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജനകീയ ഹോട്ടലുകളില്‍ നിലവിലുള്ള 20 രൂപ തന്നെ തുടരും. ഘട്ടം ഘട്ടമായി കേന്ദ്രീകൃത അടുക്കളയില്‍ നിന്ന് ഈ ജനകീയ ഹോട്ടലുകളിലേക്ക് കൂടി ഭക്ഷണം എത്തിക്കാനാണ് ശ്രമിക്കുന്നത്.

ഈ പദ്ധതി കൂടുതല്‍ മികവുറ്റതാക്കാന്‍ പൊതുസമൂഹത്തിന്റെ ആത്മാര്‍ഥമായ പിന്തുണ അനിവാര്യമാണ്. നമ്മുടെ നഗരത്തില്‍ കയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ ഒരാളും പട്ടിണി കിടക്കരുത് എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അത് ഉറപ്പു വരുത്താന്‍ ഈ സംരംഭം വിജയിപ്പിക്കാനുള്ള എല്ലാ സഹായവും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News