കെ.പി.സി.സി പുനഃസംഘടന; ചര്‍ച്ചകള്‍ക്കായി സുധാകരനും സതീശനും ഇന്ന് ദില്ലിയിലേക്ക്

കെ.പി.സി.സി പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെ.സുധാകരനും വി ഡി സതീശനും ഇന്ന് ദില്ലിയിലേക്കെന്ന് സൂചന. മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി ചര്‍ച്ചയാകും. അതേസമയം രമേശ് ചെന്നിത്തലയുടെ സംസ്‌കാര സംഘടനക്ക് തടയിട്ട് കെ.സുധാകര വിഭാഗത്തിന്റെ പുതിയ നീക്കം.

തര്‍ക്കത്തില്‍ നീങ്ങുന്ന കെ.പി സി സി – ഡിസിസി പുനസംഘടന ചര്‍ച്ചകള്‍ക്കായി സുധാകരനും സതീശനും ഇന്ന് വൈകിട്ടോടെ ദില്ലിയിലേക്ക് തിരിക്കുമെന്നാണ് സൂചനകള്‍. മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി പരിഹരിക്കാന്‍ താരിഖ് അന്‍വര്‍ അടക്കമുള്ള ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നടത്തിയ നീക്കങ്ങളും തുടര്‍ നടപടികളും ദില്ലിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

കൂടാതെ എ-ഐ ഗ്രൂപ്പുകള്‍ നിര്‍ദേശിച്ച പേരുകള്‍ പരിഗണിക്കുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. ഇതിനു ശേഷം ഭാരവാഹികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചനകള്‍. ഇതിനിടയില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ടെലിഫോണില്‍ ആശയ വിനിമയം നടത്തും.

ജനറല്‍ സെക്രട്ടറിമാരേയും വൈസ് പ്രസിഡന്റ് മാരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയുമാണ് പ്രഖ്യാപിക്കേണ്ടത്.ഇടക്ക് ഭാരവാഹികളുടെ എണ്ണം ഉയര്‍ത്തണമെന്ന നിര്‍ദ്ദേശമുയര്‍ന്നെങ്കിലും, മുന്‍ നിശ്ചയിച്ചതില്‍ നിന്ന് കാര്യമായ മാറ്റമുണ്ടാവില്ല.2 വനിതകളെങ്കിലും ജനറല്‍ സെക്രട്ടറിമാരാവും.

കെപിസിസി സെക്രട്ടറിമാരെ ഈ ഘട്ടത്തില്‍ പ്രഖ്യാപക്കില്ലെന്നാണ് സൂചന.ഹൈക്കമാന്റ് ഇടപെടലില്‍ ലിസ്റ്റിന് മാറ്റമുണ്ടായേക്കാം. ഇതിനിടെ രമേശ് ചെന്നിത്തലയുടെ സംസ്‌കാകാര സംഘടനക്ക് തടയിടാന്‍ കെ.സുധാകര വിഭാഗത്തിന്റെ പുതിയ നീക്കവും പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്.

സംസ്‌കാരയുടെ പരിപാടിക്കെതിരെ കാസര്‍കോട് ഉണ്ടായ തര്‍ക്കവും കയ്യാം കളിയുടെയും സാഹചര്യത്തില്‍ കെപിസിസി നേതൃത്വത്തിന്റെ അനുമതിയില്ലാതെ നേതാക്കള്‍ സംഘടനകള്‍ രൂപീകരിക്കരുതെന്നാണ് സുധാകരന്റെ പുതിയ തീരുമാനം.

ചില നേതാക്കളും പ്രവര്‍ത്തകരും പല പേരുകളില്‍ സംഘടനകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കെപിസിസിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം സംഘടനകള്‍ രൂപീകരിക്കുകയോ അവയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവര്‍ത്തനമായി കണക്കാക്കുമെന്നാണ് കെ.സുധാകരന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News